സ്കൂൾ ബസിൽ നിന്ന് പുക ഉയർന്നു; പൊട്ടിത്തെറി ശബ്ദവും
1461135
Tuesday, October 15, 2024 12:58 AM IST
പരവൂർ: വിദ്യാർഥികളുമായി പോയ സ്കൂൾ ബസിൽ നിന്ന് പൊട്ടിത്തെറി ശബ്ദം ഉണ്ടായതും പുക ഉയർന്നതും പരിഭ്രാന്തി സൃഷ്ടിച്ചു.
മീയണ്ണൂർ ഡൽഹി പബ്ളിക് സ്കൂളിന്റെ ബസിലാണ് പൊട്ടിത്തെറി ശബ്ദം കേട്ടത്. പരവൂർ -വർക്കല റോഡിൽ തെക്കുംഭാഗത്താണ് സംഭവം. കുട്ടികളുമായി സർവീസ് നടത്തുന്നതിനിടയിലാണ് പുക ഉയരുന്നത്. ബസിൽ 31 കുട്ടികളാണ് ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കുട്ടികളെ ഇറക്കി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. അഗ്നി രക്ഷാ സേനയെ വിവരം അറിയിക്കുകയും ചെയ്തു.
ബസിന്റെ പിൻഭാഗത്ത് നിന്ന് വലിയ ശബ്ദത്തോടെ പുക ഉയർന്നെങ്കിലും മിനിട്ടുകൾക്കകം പ്രദേശമാകെ പുക നിറഞ്ഞതായി വിദ്യാർഥികളും നാട്ടുകാരും പറഞ്ഞു. ബസിന്റെ എമർജൻസി വാതിൽ തുറക്കാൻ ഏറെ പണിപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.
ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നി രക്ഷാസേനയുടേയും നാട്ടുകാരുടേയും സത്വര ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗത തടസം ഉണ്ടായി.