506 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പട്ടയം നൽകും
1461437
Wednesday, October 16, 2024 5:24 AM IST
ജില്ലാതല പട്ടയമേള ഇന്ന്
കൊല്ലം: ജില്ലാതല പട്ടയമേള ഇന്ന് വൈകുന്നേരം നാലിന് ജില്ലാ പഞ്ചായത്ത് ജയന് സ്മാരക ഹാളില്‍ മന്ത്രി കെ.രാജന് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷനാകും. കൊല്ലം താലൂക്കില്‍ വര്‍ഷങ്ങളായി കടല്‍ പുറമ്പോക്കില്‍ താമസിക്കുന്ന 506 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൈവശ ഭൂമിയുടെ അവകാശം ലഭിക്കും.
കൊല്ലം താലൂക്ക്- 515, കൊട്ടാരക്കര താലൂക്ക് 25, പുനലൂര്‍ 15, പത്തനാപുരം 29, കുന്നത്തൂര്‍ അഞ്ച്, കരുനാഗപ്പള്ളി നാല് വീതവും പട്ടയങ്ങള്‍ വിതരണം ചെയ്യും. ആകെ 593 പട്ടയങ്ങളാണ് വിതരണം ചെയ്യുക.
മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാര്‍, എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, എംഎല്‍എമാരായ എം. മുകേഷ്, പി.എസ്. സുപാല്‍, കോവൂര്‍ കുഞ്ഞുമോന്, ജി.എസ്. ജയലാല്‍, എം. നൗഷാദ്, പി.സി. വിഷ്ണുനാഥ്, ഡോ. സുജിത് വിജയന്‍പിള്ള,
സി.ആര്. മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, സബ് കളക്ടര്‍ നിഷാന്ത് സിന്‍ഹാര, എഡിഎം ജി. നിര്‍മല്‍ കുമാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പട്ടയം ലഭിക്കുന്ന സന്തോഷത്തില്‍ തീരപ്രദേശത്തെ കുടുംബങ്ങള്‍
കൊല്ലം: പതിറ്റാണ്ടുകളായി താമസിച്ചിരുന്ന ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് കൊല്ലം കടപ്പുറത്തിന് സമീപത്തെ കുടുംബങ്ങള്‍. 506 കുടുംബങ്ങളാണ് ഭൂമിയുടെ അവകാശികളാവുന്നത്.
വര്‍ഷങ്ങളായി ഭൂമി കൈവശം ഉണ്ടെങ്കിലും പട്ടയം ഇല്ലാത്തതിനാല്‍ ബാങ്ക് വായ്പ എടുക്കാനോ ഭവന നിര്‍മാണത്തിനുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത സ്ഥാപിച്ചെടുക്കാനോ വീട് പുതുക്കി പണിയാനോ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു ഇവര്‍.
പട്ടയം ലഭിക്കുന്നതിലൂടെ ജീവിതത്തിലെ ചിരകാലാഭിലാഷമാണ് യാഥാര്‍ഥ്യമാകുന്നതെന്ന് കൊല്ലം തീരദേശത്തെ താമസക്കാരിയായ ഫിലോമിന പറഞ്ഞു. 1975 മുതല്‍ ഫിലോമിനയുടെ കുടുംബം ഇവിടെ താമസിക്കുകയായിരുന്നു.
ഭര്‍ത്താവ് മരിച്ചതോടെ ഒറ്റയ്ക്ക് താമസിക്കുകയാണ് ഈ 70 കാരി. ദീര്‍ഘകാലമായി പട്ടയത്തിനായുള്ള കാത്തിരിപ്പ് സഫലമായതിന്റെ സന്തോഷത്തിലാണിവര്‍.
മത്സ്യതൊഴിലാളിയായ മകന്റെ വരുമാനത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന ക്ലീറ്റസ് - ഷാലറ്റ് ദമ്പതികളും ആശ്വാസത്തിലാണ്. പട്ടയം ലഭിക്കാത്തതിനാല്‍ വീട് പുതുക്കി പണിയാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. പട്ടയം ലഭിക്കുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് അവര്‍ പറഞ്ഞു.
ഭൂനികുതി അടയ്ക്കുന്നെങ്കിലും മറ്റ് ക്രയവിക്രയങ്ങള്‍ക്ക് ആധികാരിക രേഖയായ സ്ഥിരംപട്ടയം ആവശ്യമാണ്. റവന്യൂ റിക്കാര്‍ഡില്‍ കടല്‍ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയ സ്ഥലത്തിന് പട്ടയം നല്‍കുക സാധ്യമല്ല.
റവന്യൂ മന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഈ ഭൂമി പട്ടയ ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയാണ് നടപടികള്‍ സ്വീകരിച്ചത്.
കടലില്‍ നിന്ന് നിശ്ചിത അകലത്തില്‍ ഉള്ള സ്ഥലം ആയതിനാല്‍ കടല്‍ പുറമ്പോക്ക് എന്ന ഇനം തരിശുഭൂമിയാക്കി മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
സര്‍ക്കാരിന്റെ ഇടപെടലോടെ സ്വന്തം ഭൂമി എന്ന കാലങ്ങളായുള്ള സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് പ്രദേശവാസികള്‍.