കുളത്തൂപ്പുഴയിൽ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്
1535108
Friday, March 21, 2025 5:47 AM IST
മടത്തറ : മലയോര ഹൈവേയില്‍ കുളത്തൂപ്പുഴ മടത്തറ പാതയില്‍ വളവ് തിരിയവേ നിയന്ത്രണംവിട്ട ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ഗുരുതരപരിക്ക്. മടത്തറ കൊച്ചരിപ്പ സ്വദേശി വിനിത വിലാസം വീട്ടില്‍ മനുവിനാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. വേഗതയില്‍ എത്തിയ ബൈക്ക് വളവ് തിരിയാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് സമീപത്തെ കലിങ്ങില്‍ ഇടിച്ചു വനത്തിലേക്ക് പതിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പോലീസിൽ വിവരം അറിയിച്ചു.
പിന്നീട് 108 ആംബുലന്‍സ് എത്തിച്ച് ചിതറ പോലീസിന്റെ സഹായത്തോടെ യുവാവിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. യുവാവിന് തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റത്.
വളവ് തിരിയവേ നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ഭാഗത്തേക്ക് പാഞ്ഞു പോകുന്നതായുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈസമയം പാതയിലൂടെ കടന്നുവന്ന സ്കൂട്ടറിനെ ഇടിക്കാതെ തലനാരിഴയ്ക്കാണ് ബൈക്ക് വനത്തിലേക്ക് പതിച്ചത്. ചിതറ പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.