കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി അനധികൃത ബൈക്ക് പാർക്കിംഗ്
1535424
Saturday, March 22, 2025 6:36 AM IST
കൊല്ലം: റെയിൽവേ സ്റ്റേഷന്റെ രണ്ടാം ടെർമിനലിന് സമീപത്തെ അനധികൃത ഇരുചക്ര വാഹന പാർക്കിംഗ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. ഇതിനെതിരേ നടപടി എടുക്കാൻ പോലീസ് തയാറാകുന്നുമില്ല. ദിവസവും നൂറുകണക്കിന് ബൈക്കുകളാണ് ഇവിടെ ഫുട്പാത്തിനോട് ചേർന്ന് പാർക്ക് ചെയ്യുന്നത്.
ഇതുകാരണം ബസുകൾക്ക് ഇവിടെ നിർത്തി സുഗമമായി ആൾക്കാരെ ഇറക്കാനും കയറ്റാനും പറ്റാത്ത അവസ്ഥയുണ്ട്. ട്രെയിനുകൾ വരുന്നതും പോകുന്നതുമായ സമയത്താണ് ബസുകൾ റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിന് മുന്നിൽ നിർത്തുന്നത്.
അതേ സമയം ബസുകാരും നിയമം ലംഘിച്ചാണ് ഇതുവഴി പോകുന്നതെന്നും ആക്ഷേപമുണ്ട്.ചിന്നക്കടയിൽ നിന്ന് ബസുകൾ കടപ്പാക്കട ഭാഗത്തേയ്ക്ക് പോകേണ്ടത് ആശ്രാമം മൈതാനം, ശങ്കേഴ്സ് ആശുപത്രി ജംഗ്ഷൻ വഴിയാണ്. എന്നാൽ സ്വകാര്യ ബസുകളിൽ നല്ലൊരു പങ്കും പ്രസ്തുത വഴി പോകാതെ റെയിൽവേ സ്റ്റേഷന് മുന്നിലൂടെയാണ് സർവീസ് നടത്തുന്നത്. ട്രെയിൻ സമയങ്ങളിൽ കൂടുതൽ യാത്രക്കാരെ കിട്ടും എന്നതിനാലാണ് സ്വകാര്യ ബസുകൾ റൂട്ടുമാറി ഓടുന്നത്.
എന്നാൽ കെഎസ്ആർടിസി ബസുകൾ കടപ്പാക്കട ഭാഗത്തേക്ക് പോകുന്നത് നിയമാനുസൃത റൂട്ടിൽ മാത്രമാണ്. അവർ റെയിൽവേ സ്റ്റേഷൻ കവാടത്തിന് മുന്നിലൂടെ സർവീസ് നടത്തുന്നില്ല. റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിന് മുന്നിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കിയില്ലെങ്കിൽ പ്രസ്തുത റോഡിൽ അപകട സാധ്യത ഏറെയാണ്. ഒപ്പം സ്വകാര്യ ബസുകളുടെ റൂട്ട് മാറിയുള്ള സർവീസും അവസാനിപ്പിക്കാൻ പോലീസ് നടപടിയും എടുക്കേണ്ടതുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.