ഭരണിക്കാവ് ജംഗ്ഷനിലെ ട്രാഫിക് പരിഷ്കാരം നടപ്പായില്ല
1535714
Sunday, March 23, 2025 6:33 AM IST
ശാസ്താംകോട്ട:കുന്നത്തൂർ താലൂക്കിൽ തിരക്കേറിയ ഭരണിക്കാവ് ജംഗ്ഷനിലെ ട്രാഫിക് പരിഷ്കാരം അട്ടിമറിക്കപ്പെടുന്നു. കഴിഞ്ഞ അഞ്ചിന് കൂടിയ സർവകക്ഷി - ഉദ്യോഗസ്ഥതതല തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 15 മുതൽ പരിഷ്കാരം നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും ഒന്നും നടപ്പായില്ല.
നിലവിൽ കൊല്ലം - തേനീ ദേശീയപാതയും രണ്ടു സംസ്ഥാന പാതയും സംഗമിക്കുന്ന ഭരണിക്കാവ് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
വാഹനങ്ങൾ എങ്ങോട്ട് തിരിഞ്ഞുപോകണമെന്ന് അറിയാത്തതും ബസുകളടക്കമുള്ള വാഹനങ്ങൾ ജംഗ്ഷനിൽ നിർത്തിയിടുന്നതും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. ഇതിന് പരിഹാരമെന്നോണമാണ് ഭരണിക്കാവിൽ ബസ് സ്റ്റാൻഡ് നിർമിക്കാൻ ശാസ്താംകോട്ട പഞ്ചായത്ത് തീരുമാനിച്ചത്.
ഭരണിക്കാവിന് സമീപം വെള്ളക്കെട്ടായിരുന്ന മുസ്ലിയാർ ഫാം എന്ന സ്ഥലം മണ്ണിട്ട് നികത്തിയാണ് സ്റ്റാൻഡ് നിർമിച്ചത്. ഇതിനായി ലക്ഷങ്ങളാണ് ചെലവഴിച്ചത്. 2015 ഏപ്രിലിൽ അന്നത്തെ ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഉദ്ഘാടനം നിർവഹിച്ചത്.
ഒന്നോ രണ്ടോ മാസം സ്റ്റാൻഡ് കാര്യക്ഷമമായി പ്രവർത്തിച്ചെങ്കിലും പിന്നീട് പ്രവർത്തനം നിലച്ചു. കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിൽ കയറാതായതോടെ സ്വകാര്യ ബസുകളും കയറാതെയായി. തീരുമാനങ്ങളൊന്നും പ്രാവർത്തികമായില്ല.
ഒടുവിൽ 2023 ലെ ഓണക്കാലം മുതൽ വീണ്ടും സ്റ്റാൻഡ് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചെങ്കിലും ഓണത്തിന് ശേഷം നടപ്പാക്കിയാൽ മതിയെന്ന ആവശ്യവുമായി വ്യാപാരികൾ രംഗത്തു വന്നതോടെ തീരുമാനം നീണ്ടു. ഇതിനിടെ സ്റ്റാൻഡ് തകർന്നതും തടസമായി.
തുടർന്ന് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും 15 ലക്ഷം അനുവദിച്ച് ഗതാഗതയോഗ്യമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഈമാസം 15 മുതൽ പ്രവർത്തിപ്പിക്കാനാണ് തീരുമാനിച്ചത്.
മാസങ്ങൾക്ക് മുമ്പ് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചു. സ്റ്റാൻഡിന്റെ പ്രവർത്തനം ആരംഭിച്ചാലേ ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരമാകൂ. ഒരുവിഭാഗം ആളുകൾ സ്റ്റാൻഡ് പ്രവർത്തിക്കാതിരിക്കാൻ ചരടുവലി നടത്തുന്നതായും ഇതിന് ഉദ്യോഗസ്ഥ - ജനപ്രതിനിധികളുടെ ഒത്താശയുണ്ടെന്നും ആക്ഷേപമുണ്ട്.