നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് കൈമാറി പോലീസ് സൈബര്‍ സെല്‍
1568322
Wednesday, June 18, 2025 5:24 AM IST
കൊല്ലം: നഷ്ടപ്പെട്ടുപോയ 25 ലധികം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് കൈമാറി കൊല്ലം സിറ്റി പോലീസിലെ സൈബര്‍ സെല്‍. മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടതായി സിറ്റി പോലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഇരുപത്തിയഞ്ചോളം പരാതികൾക്കാണ് ഇതോടെ പരിഹാരമായത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകളാണ് സി ഇ ഐ ആര് പോര്‍ട്ടലില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ കണ്ടെത്തി കൈമാറിയത്.
നഷ്ടപ്പെട്ട ഫോണുകളില്‍ കേരളത്തില്‍ ഉപയോഗിച്ചു വന്നിരുന്നവ കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്. ഈ ഫോണുകള്‍ ഉപയോഗിച്ച് വന്ന ആളുകളുമായി കൊല്ലം സിറ്റി സൈബര്‍ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധപ്പെട്ടാണ് ഫോണുകള്‍ തിരിച്ചുപിടിച്ചത്.
ഫോണുകള്‍ തിരികെ നല്കുവാന് വിമുഖത കാട്ടിയ വ്യക്തികളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് ചെന്ന് പിടിച്ചെടുക്കുകയായിരുന്നു. കൊല്ലം സിറ്റി ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ. നസീര്‍ നഷ്ടപ്പെട്ടുപോയ മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് കൈമാറി. കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന് നിര്‍ദ്ദേശാനുസരണം സിറ്റി സൈബര്‍ സെല്‍ സബ് ഇന്‍സ്പെക്ടര്‍ ഷാന്‍, പോലീസ് ഉദ്യോഗസ്ഥരായ പ്രതാപ്, ഹരികുമാര്‍, ജിജോ, വിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഫോൺ വേട്ട നടന്നത്.
കണ്ടെത്തിയ ഫോണുകളില്‍ കൊല്ലം സന്ദര്‍ശനത്തിനിടെ ഫോണ്‍ നഷ്ടപ്പെട്ടുപോയ തമിഴ്നാട് സ്വദേശികളുടെ ഫോണുകള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു.
മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഡ്യൂപ്ലിക്കറ്റ് സിം കാര്‍ഡ് എടുത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കണം. പരാതിയുടെ രസീത് ഉപയോഗിച്ചു സി ഇ ഐ ആര് പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്താല്‍ ഫോണ്‍ ബ്ലോക്ക് ആകും. ബ്ലോക്കായ ഫോണില്‍ ആരെങ്കിലും സിം കാര്‍ഡ് ഇട്ടാല്‍ ഫോണ്‍ പോലീസ് നിരീക്ഷണത്തിലാവുകയാണ് ചെയ്യുക.