ശുചിത്വപാഠങ്ങള്‍ വിലയിരുത്താന്‍ ഗ്രാമീണ്‍ സര്‍വേ
1568327
Wednesday, June 18, 2025 5:41 AM IST
കൊല്ലം: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനത്തെയും ജില്ലയെയും കണ്ടെത്തുന്നതിനും ഗ്രാമീണ ജനതയുടെ ശുചിത്വപാഠങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്ന സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ സര്‍വെ കൊല്ലത്ത് നടക്കും.
ജില്ലയില്‍ 26 വില്ലേജുകളിലാണ് ഇതിനായുള്ള പരിശോധന നടക്കുക. സര്‍വേയില്‍ വീടുകളില്‍ ശൗചാലയസൗകര്യങ്ങളുടെ സാന്നിധ്യം,വെളിയിടവിസര്‍ജന മുക്തം, കൈ കഴുകല്‍ സംവിധാനങ്ങള്‍, ജൈവ - അജൈവ മാലിന്യ സംസ്കരണം, മലിനജല പരിപാലനം, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം തുടങ്ങിയവ വിലയിരുത്തും.
വീടുകള്ക്ക്പുറമേ പൊതു ഇടങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, പഞ്ചായത്ത് പരിസരങ്ങള്‍, സ്കൂളുകള്‍, അങ്കണവാടികള്‍, ആരാധനാലയങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെയും ശുചിത്വനിലവാരം പരിശോധനക്ക് വിധേയമാക്കും. അംഗീകൃത ദേശീയ ഏജന്‍സികളാണ് സര്‍വേ നടത്തുന്നത്. സര്‍വേയ്ക്കായി പ്രത്യേകമായി 1000 മാര്‍ക്കുള്ള ശുചിത്വ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഓരോ വില്ലേജിലെയും ശുചിത്വ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാകും റാങ്ക് തീരുമാനിക്കുക. പൊതുജനങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും സര്‍വേയില്‍ ഉള്‍പ്പെടുത്തുന്നതിനായി ആരംഭിച്ച 'സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2025' മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങളുടെ പ്രതികരണങ്ങളും, അഭിപ്രായങ്ങളും ശേഖരിക്കും.