ഓണത്തിന് കുട്ടികൾക്ക് കമ്മീഷണറുടെ സ്്നേഹസമ്മാനം
1588418
Monday, September 1, 2025 4:55 AM IST
കൊല്ലം: കിങ്ങിണിയുടെയും അനുമോളുടെയും ദുൽഖറിന്റെയുമൊക്കെ നേതൃത്വത്തിൽ പുള്ളിക്കട നഗറിലെ ഒരു പിടി കുട്ടികളുടെ അതിരുകളില്ലാത്ത സന്തോഷം ആർപ്പോ വിളികൾക്കും ആരവങ്ങൾക്കും വഴിമാറിയ സായാഹ്നത്തിൽ അവർ ആഗ്രഹിച്ച പോലെ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ കൈമാറിയ സൈക്കിളുകൾ അവർക്ക് ഏറ്റവും പ്രിയപ്പെട്ട ഓണസമ്മാനമായി.
കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ലഹരി വിരുദ്ധ കർമ പദ്ധതിയായ മുക്ത്യോദയ ഭാഗമായി കഴിഞ്ഞ നാലു മാസത്തോളമായി പുള്ളിക്കട നഗറിൽ കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തിച്ച് വരികയായിരുന്നു. ഈ കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിലെത്തിയ കുട്ടികളുടെ പ്രധാന പരിഭവവും ആവശ്യവുമായിരുന്നു അവർക്ക് ഒരു സൈക്കിൾ.
ഒടുവിൽ ഹെൽപ്പ് ഡെസ്കിന്റെ ചുമതലയുള്ള ഡി സി ആർ സി ഫാമിലി കൗൺസിലർ ക്ലോഡറ്റ് ലംബർട്ട് മുൻകൈയെടുത്ത് സഹപാഠികളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി വാങ്ങിയ രണ്ട് സൈക്കിളുകളാണ് കഴിഞ്ഞദിവസം പുള്ളിക്കട നഗറിലെത്തിയ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കൈമാറിയത്.
ക്ലോഡറ്റ് ലംബർട്ടിന്റെ അധ്യക്ഷതയിൽ പുള്ളിക്കട നഗറിൽ ചേർന്ന കൂട്ടായ്മയിൽ മുക്ത്യോദയം ജില്ലാ കോർഡിനേറ്റർ സബ് ഇൻസ്പെക്ടർ ഡി. രാജു, ഈസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടർ സരിത, സന്ദീപ് പൈ എന്നിവർ പ്രസംഗിച്ചു.
കൂട്ടായ്മയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും കമ്മീഷണർ കിരൺ നാരായണൻ വിവിധ സമ്മാനങ്ങൾ കൈമാറി. സബ് ഇൻസ്പെക്ടർ അജിത, ഈസ്റ്റ് പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ആർ. രാജീവ്, സുനിൽ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.