കട ഉടമയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
1588429
Monday, September 1, 2025 4:59 AM IST
ഓയൂർ: നല്ലിലയിൽ കട ഉടമയെ കുത്തി പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നല്ലില പള്ളിവേട്ടക്കാവ് അബി ഭവനിൽ അബി ജോർജ് (44) നെയാണ് കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിവേട്ടക്കാവിൽ ചായക്കട നടത്തുന്ന ജോയിക്കാണ് കുത്തേറ്റത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജോയിയുടെ കടയിൽ എത്തിയ അബി ജോയിയോട് ചോദിക്കാത കടയിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത്ജോയിയുടെ അക്കൗണ്ടിലേക്ക് 200 രൂപ അയക്കുകയും ഈപണം ആവശ്യപ്പെടുകയും ചെയ്തു.
ഇപ്പോൾ കടയിൽ 200 രൂപ ഇല്ല എന്നും പൈസവന്നാൽ ഉടൻ തരാമെന്ന് പറഞ്ഞു. ഇത് അബിക്ക് ഇഷ്ടപ്പെട്ടില്ല. ഇയാൾ ജോയിയെ തെറികൾവിളിച്ച ശേഷം വീട്ടിലേക്ക് പോവുകയും ചെയ്തു. ഉടൻ തന്നെ മടങ്ങിവന്ന ഇയാൾ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജോയിയുടെ വയറ്റിൽ കുത്തി പരിക്കേൽപ്പിച്ചു. ആളുകൾ കൂടിയതോടെ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു.
സാരമായി പരിക്കേറ്റ ജോയിയെ നാട്ടുകാർ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽപ്രവേശിപ്പിച്ചു.
സംഭവസ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞ പ്രതിയെ രാത്രിയിൽ നല്ലില ബദേൽ പള്ളിക്ക് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു. ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചന്റെ നിർദേശപ്രകാരം കണ്ണനല്ലൂർ എസ് എച്ച് ഒ ആൻഡ്രിക് ഗ്രോമിക്കിന്റെ നേതൃത്വത്തിൽ എസ് ഐ സന്തോഷ്, സി പി ഒ മാരായ പ്രതീഷ്, രതീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.