ഓണം മൂഡൊരുക്കി ആശ്രാമത്ത് വണ്ടര്‍ ഫാള്‍സ്
1588422
Monday, September 1, 2025 4:55 AM IST
കൊല്ലം : വെള്ളച്ചാട്ടം കാണാം ആകാശത്തിരുന്ന് അത്താഴവും കഴിക്കാം. അപ്രത്യക്ഷമാകുന്ന വെള്ളച്ചാട്ടവുമായി കൊല്ലത്തിന്റെ ഓണം മൂഡിന് ആശ്രാമത്ത് തുടക്കമായി. സര്‍റിയല്‍ വെള്ളച്ചാട്ടത്തിനൊപ്പം കടല്‍ക്കാഴ്ചകളുടെ സൗന്ദര്യവും ആമസോണ്‍ കാടിന്റെ വന്യതയും ശലഭോദ്യാനവും ഉള്‍പ്പെടെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ കോര്‍ത്തിണക്കിയാണ് വണ്ടര്‍ ഫാള്‍സ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ പോക്കറ്റ് കുരങ്ങനെയും പ്രദര്‍ശന നഗരിയില്‍ കാണാം. ചിത്രശലഭത്തിനൊപ്പം ഊഞ്ഞാലാടുകയും ചെയ്യാം.
60 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന അപ്രതൃക്ഷമാകുന്ന വെള്ളച്ചാട്ടത്തിന് 170 അടി നീളവുമുണ്ട്. ഇത്തരത്തില്‍ രണ്ട് വെള്ളച്ചാട്ടങ്ങളാണ് ആശ്രാമത്ത് തയ്യാറാക്കിയിട്ടുള്ളത്. ഈ ഉയരത്തില്‍ നിന്നു കടല്‍ പോലെ ഇരമ്പി വരുന്ന വെള്ളം കാലുകളിലേക്ക് ഒഴുകി എത്തി മാഞ്ഞു പോകുന്ന അവിസ്മരണീയമായ കാഴ്ച അനുഭവിച്ചറിയാം.
മ്യൂസിക് തീമിനനുസരിച്ച് വെള്ളത്തിന്റെ നിറവും രൂപവും മാറും. പാട്ടിനൊത്ത് ഡാന്‍സ് കളിക്കാം. സാധാരണ വെള്ളച്ചാട്ടത്തിലെന്ന പോലെ ഇവിടെയും കുളിക്കാനാകും. ഡ്രസ് മാറാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മത്സ്യകന്യക, സ്കൂബ ഡൈവര്‍ എന്നിവയുമുണ്ട്. എല്ലാ ദിവസവും ഡിജെയും ഒരുക്കിയിട്ടുണ്ട്. 30 രൂപ മുതല്‍ വീട്ടു സാധനങ്ങളും, 4990 മുതല്‍ സോഫ സെറ്റുകളും ഇവിടെ നിന്ന് വാങ്ങാം.
ഓണത്തിനാവശ്യമായ സെറ്റ് മുണ്ടുകള്‍, സാരികള്‍, ബെഡ് ഷീറ്റുകള്‍ എന്നിവ 100 രൂപ മുതല്‍ ലഭ്യമാണ്. വൈവിധ്യമാര്‍ന്ന രുചികള്‍ സമ്മാനിക്കുന്ന ഫുഡ് കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി അമ്യൂസ്മെന്റ് പാര്‍ക്കും തയാറാക്കിയിട്ടുണ്ട്. എല്ലാ ദിവസവും ഡി ജെ സംഗീതവിരുന്നും നടന്നു വരുന്നു. പ്രവൃത്തി ദിനങ്ങളില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ രാത്രി 10 വരെയും അവധി ദിനങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 10 വരെയുമാണ് പ്രദര്‍ശനം.