പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
1588675
Tuesday, September 2, 2025 7:27 AM IST
ചാത്തന്നൂർ: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് മന്ത്രി വീണാജോർജ് നിർവഹിക്കും. ലക്ഷ്യ-ലേബർ റൂം ആന്റ് ഓപ്പറേഷൻ തിയറ്റർ, എച്ച്ഡിഎസ് പേ വാർഡ്, എച്ച്ഡിഎസ് പെയിംഗ് ഫാർമസി, വയോജനക്ലിനിക്കും മോഡൽ പാലിയേറ്റീവ് കെയർ ഡിവിഷനും, ഫ്ലൂറോസ്കോപ്പി, ഫുള്ളി ഓട്ടോമേറ്റഡ് ക്ലിനിക്കൽ കെമിസ്ട്രി അനലൈസർ, ബോധിക അക്കാദമിക് പാർക്കും പബ്ലിക് ലൈബ്രറിയും, സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ, ചൈൽഡ് ഡെവലപ്മെന്റ്സെന്റർ, ഇൻഡോർ ക്രിക്കറ്റ് ആസ്ട്രേ ടർഫ് എന്നീ പദ്ധതികൾക്കാണ് തുടക്കം.
എൻഎച്ച്എം മുഖേന 1.39 കോടി വിനിയോഗിച്ച് ഗൈനക്കോളജി വിഭാഗത്തിൽ ലേബർ റൂം, എമർജൻസി ഓപ്പറേഷൻ തിയറ്റർ എന്നിവ ഉൾപ്പെട്ട കോംപ്ലക്സിന്റെ നിർമാണം പൂർത്തിയായി. പേവാർഡിൽ 23 മുറി സജ്ജീകരിച്ചു. ജീവനക്കാരെ നിയമിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി.
വിലക്കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കുക എന്നതാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന എച്ച്ഡിഎസ് പേയിംഗ് ഫാർമസി ലക്ഷ്യം വെക്കുന്നത്. ഡയഗ്നോസ്റ്റിക് ബ്ലോക്കിൽ ജെറിയാട്രിക്സ്ബ്ലോക്ക് സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ മെമ്മറി കെയർ ക്ലിനിക്കും മോഡൽ പാലിയേറ്റീവ് കെയർ ക്ലിനിക്കും ലിവിംഗ് വിൽ ഇൻഫർമേഷൻ കൗണ്ടറും പ്രവർത്തിക്കുന്നു.
പരിചരണം ആവശ്യമുള്ള രോഗികൾക്ക് മികച്ച ചികിത്സ, പാലിയേറ്റീവ് പരിചരണം ആവശ്യ പരിചരണം, ഹൗസ് വിസിറ്റ്, ബോധവത്കരണം എന്നിവ നൽകിവരുന്നു. മോഡൽ പാലിയേറ്റീവ് കെയർ വിഭാഗം മുഖേന പാലിയേറ്റിവ് കെയറിൽ എത്താതെ ഒപി ടിക്കറ്റ്, മരുന്നുകൾ, രോഗികൾക്ക് ബുദ്ധിമുട്ട് കൂടാതെ കൗൺസലിംഗ് സേവനങ്ങൾ എന്നിവ രോഗിയായി കണക്കാക്കാതെ നൽകുന്നു.
മെമ്മറി കെയർ ക്ലിനിക്കിൽ മറവി രോഗം തിരിച്ചറിയാനായി മെമ്മറി ടെസ്റ്റുകൾ, പരിപാലകർക്ക് പിന്തുണ, കൗൺസലിംഗ്, വ്യക്തിഗത ഡിമെൻഷിയ കെയർ പ്ലാനുകൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. മാനസികാരോഗ്യം മോഡൽ മെമ്മറി കെയർ ക്ലിനിക് ന്യൂറോളജി പാലിയേറ്റീവ് കെയർ വിഭാഗങ്ങളുടെ സംയുക്തമായി നൽകും.
ശരീരത്തിനകത്തെ ചലനങ്ങളുടെ പഠനമാണ് ഫ്ലൂറോസ്കോപ്പി. ലൈവ് എക്സ്റേ വീഡിയോ ഡോസ് എക്സ്റേ ഉപയോഗിച്ച് മികച്ച നിലവാരമുള്ള ചിത്രവും അതിലൂടെ കൃത്യമായ രോഗനിർണയവും വിദഗ്ധ ചികിത്സയും ലഭ്യമാക്കും. ഫുള്ളി ഓട്ടോമേറ്റഡ് ക്ലിനിക്കൽ കെമിസ്ട്രി അനലൈസർ ബയോകെമിസ്ട്രി ലാബിൽ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്.
നാഷണൽ സർവീസ് സ്കീമിന്റെയും ജീവനക്കാരുടേയും അധ്യാപകരുടെയും സംയുക്ത സംരംഭമാണ് പാർക്ക്. പ്രകൃതിസൗഹൃദ അന്തരീക്ഷത്തിൽ മനോഹര പുൽത്തകിടിയിൽ 120 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന ആറ് ആർക്കേഡുകൾ. പഠനത്തിനും ഗവേഷണത്തിനും വിനോദത്തിനും ഉതകും. ഇതോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗ്രന്ഥശാല.
മാനസിക വൈകല്യങ്ങളുള്ള വ്യക്തികളുടെ സാമൂഹിക ശാരീരിക മാനസിക പുനരുദ്ധാരണത്തിനായി ഷട്ടിൽ കോർട്ട് അടങ്ങിയ പ്രകൃതി സൗഹൃദ പാർക്ക്, ശാരീരികവും മാനസികവും ബൗദ്ധികപരവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ചികിത്സയും കൗൺസലിംഗ് സേവനങ്ങളും നൽകുന്നു. ഇൻഡോർ ക്രിക്കറ്റ് ടർഫും തയാറായി. ഈ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ ജി.എസ്.ജയലാൽ എംഎൽഎ അധ്യക്ഷനായിരിക്കും.