വടംവലിച്ച് വൈസ് ചാൻസലർ...
1588686
Tuesday, September 2, 2025 7:27 AM IST
കൊല്ലം: കേരളത്തിൽ വൈസ് ചാൻസലർമാരും സർവകലാശാലകളും ഏറെക്കാലമായി വിവാദചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത് തുടരുമ്പോൾ ഇവിടെയൊരു വൈസ് ചാൻസലർ പഠിതാക്കൾക്കൊപ്പം വടം വലിച്ച് താരമായി മാറിയിരിക്കുന്നു.
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ.വി.പി.ജഗതീരാജാണ് യൂണിവേഴ്സിറ്റിയിലെ പഠിതാക്കൾക്കൊപ്പം ഓണാഘോഷ വടംവലിയിൽ പങ്കാളിയായത്. ഫാത്തിമ മാത നാഷണൽ കോളജിൽ വെച്ചായിരുന്നു ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ഓണാഘോഷ പരിപാടികൾ നടന്നത്.
യൂണിവേഴ്സിറ്റിയുടെ 2023 ജൂലൈ ബാച്ച് മലയാളം, ഹിസ്റ്ററി, സോഷ്യോളജി ബാച്ചുകളാണ് ഇന്നലെ സംയുക്തമായി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്. ഓണപ്പൂക്കളം, മിഠായി പെറുക്കൽ, സ്പൂണിൽ നാരങ്ങാ വച്ചുള്ള ഓട്ടം, കസേരകളിയടക്കം മത്സരങ്ങൾ ഉച്ചയോടെ പൂർത്തിയാക്കി, ഓണസദ്യയിൽക്കൂടി പങ്കെടുക്കാനായിട്ടാണ് ഉച്ചയോടെ വൈസ് ചാൻസലർ എത്തിയത്. സദ്യയ്ക്ക് ശേഷം, ഓണ സന്ദേശം നൽകി രാവിലെ നടന്ന മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു.
പിന്നീട് വടംവലി മത്സരമാണ് നടക്കാൻ പോകുന്നതെന്ന് അറിഞ്ഞ വി സി വടത്തിൽ ഓടിയെത്തി പിടിമുറുക്കുകയായിരുന്നു. ഒരു വശത്ത് പഠിതാക്കളുടെ ഒരു ടീം മാത്രം നിരന്നപ്പോൾ, മറുവശത്ത് വൈസ് ചാൻസലറും കുറേ പഠിതാക്കളും ആണ് ബലാബലം പരീക്ഷിച്ചത്. മത്സരം പൂർത്തിയാക്കും മുന്പേ ഡോ.വി.പി.ജഗതീരാജ് മടങ്ങുകയും ചെയ്തു.