തഴവയിൽ സാമൂഹ്യ വിരുദ്ധർ വീടുകൾ അടിച്ചു തകർത്തു
1588684
Tuesday, September 2, 2025 7:27 AM IST
കരുനാഗപ്പള്ളി: തഴവ കുറ്റിപ്പുറം ജംഗ്ഷനു സമീപം കഴിഞ്ഞ ദിവസം രാത്രിയിൽ 15 അംഗ സംഘം മാരകായുധങ്ങളുമായെത്തി വീടുകൾ അടിച്ചു തകർത്തു. ഏഴു വീടുകളിലാണ് അക്രമം നടത്തിയത്.ഒരു വീട് പൂർണമായും മറ്റുള്ളവ ഭാഗികമായും തകർത്തു.
വീട്ടിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഇവർ താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സ തേടി.സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമം നടത്തുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. സുനന്ദ, മാളു എന്നിവരാണ് അക്രമികളുടെ മർദനത്തിൽ പരുക്കേറ്റ്ആശുപത്രിയിൽ കഴിയുന്നത് . ഇവരുടെ വീട്ടിലെ ഫ്രിഡ്ജ്, ടിവി, ഗൃഹോപകരണങ്ങൾ ജനൽ, കതക് ,അലമാര ഉൾപ്പെടെ എല്ലാം നശിപ്പിച്ചു.രണ്ട് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
രാഹുൽ നിവാസിൽ രാധാകൃഷ്ണപിള്ളയുടെ മുറ്റത്തു കിടന്ന കാറാണ് തകർത്തത്. മദ്യ, മയക്കുമരുന്ന് മാഫിയ സംഘങ്ങളാണ് അക്രമത്തിന്ന് പിന്നിലെന്ന് സമീപവാസികൾ പറയുന്നു. കുറച്ചു ദിവസങ്ങൾക്ക് മുന്പ് അക്രമികൾ തമ്മിൽ അടി പിടിയുണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടായിരിക്കാം കൂടുതൽ അക്രമങ്ങൾ ഉണ്ടായിരിക്കുന്നത്. കരുനാഗപ്പള്ളി എ എസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.