അഞ്ചല്‍ പട്ടണം തെരുവുനായ ഭീഷണിയിൽ
1588685
Tuesday, September 2, 2025 7:27 AM IST
അഞ്ചല്‍ : രാവെന്നോ പകലെന്നോ ഇല്ലാതെ തെരുവ് നായ ശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുകയാണ് അഞ്ചലിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍. അഞ്ചല്‍ പട്ടണത്തില്‍ പോലും വലിയ കൂട്ടമായി എത്തുന്ന തെരുവ് നായകള്‍ ഉയര്‍ത്തുന്നത് വലിയ ഭീഷണി. കാല്‍നട, ഇരുചക്ര യാത്രികരും വിദ്യാര്‍ഥികളും തെരുവുനായ ശല്യംമൂലം അനുഭവിക്കുന്ന ദുരിതം ചെറുതല്ല.
ഓടിക്കൊണ്ടിരിക്കുന്ന ഇരുചക്ര വാഹനത്തിന് പിറകെ ഓടുന്ന നായകള്‍ അതില്‍ നിന്നും യാത്രക്കാരെ തള്ളിയിട്ട് കടിക്കുന്നു. സൈക്കിള്‍ ചവിട്ടി എത്തിയ സ്കൂള്‍ വിദ്യാര്‍ഥിയെ കൂട്ടമായി എത്തിയ നായകള്‍ ആക്രമിക്കാന്‍ ഓടിച്ചുവെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്.
അഞ്ചലില്‍ കുടുംബം സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നാലെ ഓടിയ നായകളെ കണ്ടു നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് കുട്ടിയടക്കം മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. ആശുപത്രിയിലേക്ക് എത്തിയ വയോധികനും വീട്ടമ്മയ്ക്കും നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.അലയമണ്‍ പഞ്ചായത്തില്‍ കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടെ നിരവധിയാളുകള്‍ക്ക് തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റു.
വയോധികയ്ക്ക് മുഖത്തടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതോടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകളെ പിടികൂടി വാക്സിനേഷന് എടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. പക്ഷേ അനുദിനം വര്‍ധിക്കുന്ന തെരുവുനായകളെ അമര്‍ച്ച ചെയ്യാനുള്ള നടപടികള്‍ മാത്രം എങ്ങും എത്തിയിട്ടില്ല.
അഞ്ചലില്‍ ആശുപത്രി, സ്കൂളുകള്‍, മാര്‍ക്കറ്റ് , ബസ് കാത്തിരിപ്പ് കേന്ദ്രം ഉള്‍പ്പെടെ ആളുകള്‍ കൂടുന്ന ഇടങ്ങളിലെല്ലാം നായ ശല്യംകൂടുകയാണ്. ഇഎസ്ഐ ആശുപത്രിക്കുള്ളില്‍ വരെ നായകള്‍ തമ്പടിച്ചിരിക്കുകയാണ്. പരാതികള്‍ പെരുകുമ്പോഴും പേരിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാന്‍ പോലും അഞ്ചല്‍ പഞ്ചായത്ത് അധികൃതര്‍ തയാറായിട്ടില്ല.
തെരുവുനായ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ അടക്കം ജീവനോപാധികള്‍ നഷ്ടമായവരുടെ എണ്ണവും കുറവല്ല. വന്ധ്യംകരണ നടപടികള്‍ ഇല്ലാത്തതും രാത്രി കാലങ്ങളില്‍ ആളൊഴിഞ്ഞ മേഖലകളും വനമേഖലകളും കേന്ദ്രീകരിച്ചു മറ്റിടങ്ങളില്‍ നിന്നും നായകളെ ഉപേക്ഷിക്കുന്നതുമാണ് ഇത്രയധികം നായകള്‍ ഉണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
നിയമനടപടികള്‍ പേടിച്ച് നാട്ടുകാര്‍ പോലും നായകള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ കൂട്ടാക്കാറുമില്ല. അക്രമകാരികളായ നായകളെ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റിയില്ലെ്ലങ്കില് വലിയ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന മുന്നറിയിപ്പും നാട്ടുകാര്‍ നല്കുന്നു.