അതുല്യയെ ഭർത്താവ് ഉപദ്രവിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
1588424
Monday, September 1, 2025 4:55 AM IST
കൊല്ലം: ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ ചവറ കോയിവിള സ്വദേശിനി അതുല്യയെ ഭര്‍ത്താവ് സതീഷ് ശങ്കര്‍ ഉപദ്രവിക്കുന്നതിന്റെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതിന്റെയും കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്.
മരണത്തിനു ദിവസങ്ങള്‍ക്ക് മുന്‍പ് അതുല്യ തന്റെ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണിപ്പോള്‍ പുറത്തു വന്നത്. അതുല്യയുടെ കുടുംബം ദൃശ്യങ്ങള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതയില്‍ സമര്‍പ്പിച്ചു.
10 വര്‍ഷമായി പീഡനം സഹിക്കുകയാണെന്ന് അതുല്യ പറയുമ്പോള്‍, സതീഷ് ക്രൂരമായി ഉപദ്രവിക്കുകയും മേശയ്ക്കു ചുറ്റും അതുല്യയെ ഓടിക്കുന്നതും വേദനകൊണ്ട് കരയുന്നതും വീഡിയോയിലുണ്ട്. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളും വീഡിയോയില്‍ വ്യക്തമാണ്.
“നീയെങ്ങോട്ട് പോകാനാടീ, നിന്നെ ഞാന്‍ കുത്തിമലര്‍ത്തി ജയിലില്‍ പോകും, നിന്നെ ഞാന്‍ എവിടെയും വിടില്ല. കുത്തി മലര്‍ത്തി സതീഷ് ജയിലില്‍ പോയി കിടക്കും. ഞാനില്ലാതെ നിനക്ക് ജീവിക്കാനാകില്ല. ജീവിക്കാന്‍ സമ്മതിക്കില്ല. ക്വട്ടേഷന്‍ നല്കിയാണെങ്കിലും നിന്നെ കൊല്ലും. അതിന് എന്റെ ഒരു മാസത്തെ ശമ്പളം പോലും വേണ്ട'' എന്നിങ്ങനെയാണ് വീഡിയോയില്‍ സതീഷ് പറയുന്നത്.
അതേസമയം, ഹാജരാക്കിയ ദൃശ്യങ്ങള്‍ പഴയതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധന നടത്താന്‍ കോടതി നിര്‍ദേശിച്ചു.
ജൂലൈ 19നാണ് അതുല്യ(30)യെ ഷാര്‍ജയിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് സതീഷിനെതിരേ പോലീസ് കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ചാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.
ഭര്‍ത്താവ് സതീഷ് ഇപ്പോൾ ജാമ്യത്തിലാണ്. ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ സൈറ്റ് എന്‍ജിനീയറായിരുന്ന സതീഷിനെ സംഭവത്തിന് പിന്നാലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.