ആഗോള അയ്യപ്പ സംഗമം വോട്ട് ബാങ്കിനെ സ്വാധീനിക്കാൻ: പ്രേമചന്ദ്രൻ എംപി
1588688
Tuesday, September 2, 2025 7:27 AM IST
കൊല്ലം: സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം, വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ളഅടവുനയം മാത്രമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി പ്രസ്താവനയിൽ പറഞ്ഞു. ഒന്‍പതു വര്‍ഷം ആചാരങ്ങളേയും അനുഷ്ഠാനങ്ങളെയും ലംഘിക്കുന്നതിനും ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന്റെ പവിത്രതയും വിശ്വാസ്യതയും തകര്‍ക്കുന്നതിന് നേരിട്ട് നേതൃത്വം നല്കിയ സര്‍ക്കാരാണിത്.
ഭരണത്തിന്റെ അവസാന നാളുകളില്‍ ശബരിമല ക്ഷേത്രസംരക്ഷകരായി മാറുന്നത് വിരോധാഭാസമാണ്. ഇരുട്ടിന്റെ മറവില്‍ പോലീസിന്റെ നേതൃത്വത്തില്‍ അവിശ്വാസികളെ സന്നിധാനത്തെത്തിക്കുവാന് സര്‍ക്കാര്‍ നടത്തിയ നാടകങ്ങള്‍ കേരളം മറന്നിട്ടില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും തള്ളിപ്പറഞ്ഞ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു.
യാതൊരു പരസ്യവും പ്രചരണവും കൂടാതെ തന്നെ ആഗോളതലത്തില്‍ അയ്യപ്പ ഭക്തന്മാര് ദര്‍ശനത്തിനായി എത്തിച്ചേരുന്ന പരിപാവനമായ തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. അയ്യപ്പനോടും ശബരിമലയോടുമുള്ള വിശ്വാസമാണോ അതോ ജനങ്ങളുടെ വിശ്വാസത്തെ വാണിജ്യവത്കരിച്ച് പണം നേടുവാനുള്ള വ്യഗ്രതയാണോ ആഗോള അയ്യപ്പ സംഗമത്തിന് പിന്നിലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
ഭക്തന്മാരെ സമ്പത്തിന്റെയും നല്കുന്ന സംഭാവനയുടെയും അടിസ്ഥാനത്തില്‍ തട്ടുകളായി തിരിച്ച് വിശ്വാസത്തെ വില്പന ചരക്കാക്കുന്ന ഗൂഢമായ ലക്ഷ്യമാണ് സംഗമത്തിന് പിന്നില്‍. കേരളീയം മാതൃകയില്‍ ലക്ഷങ്ങളും കോടികളും സമ്പന്നരായ ഭക്തന്മാരില് നിന്നും ചൂഷണം ചെയ്യുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ശബരിമലയോടും ആചാരങ്ങളോടും വിശ്വാസങ്ങളോടും സര്‍ക്കാര്‍ യോജിക്കുന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് വിശ്വാസികള്‍ക്കെതിരെ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കുകയാണ്. വിശ്വാസികളെ തുറങ്കിലടച്ച സര്‍ക്കാര്‍ വിശ്വാസ സംരക്ഷകരായി മാറുന്നതിന് പിന്നിലെ ഗൂഢമായ രാഷ്ട്രീയലക്ഷ്യത്തെ കേരളജനതയും വിശ്വാസികളും തിരിച്ചറിയുമെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി പറഞ്ഞു.