മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിച്ച് ഫിഷ്മിൽ ലോബി
1588417
Monday, September 1, 2025 4:55 AM IST
അജി വള്ളിക്കീഴ്
കൊല്ലം: മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന സാധ്യതകൾ തകർക്കുമാറ് ഫിഷ്മിൽ ലോബി കൊല്ലത്ത് സജീവമാകുന്നു. വളർച്ചയെത്താത്ത ചെറു മത്സ്യങ്ങളെ ഉൾപ്പെടെ കൂട്ടത്തോടെ അനധികൃതമായി കടലിൽ നിന്ന് വാരിയെടുക്കുന്നത് മത്സ്യത്തൊഴിലാളികളുടെ അന്നം മുടക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുകയാണ്.
ചെറു ബോട്ടുകളിലും യാനങ്ങളിലും കടലിൽ പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ വയറ്റത്തടിക്കുകയാണ് ഫിഷ്മിൽ ലോബി. ചെറുകപ്പലുകലോളം തന്നെ വലിപ്പം വരുന്ന വലിയ ബോട്ടുകൾ ഉപയോഗപ്പെടുത്തി അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കൊല്ലം പരപ്പിൽ ഫിഷ്മിൽ ലോബി വ്യാപകമായി നടത്തി വരുന്ന അശാസ്ത്രീയമായ ട്രോളിംഗ് കേരള തീരത്ത മത്സ്യ ലഭ്യതയാണ് ഇല്ലാതാക്കുന്നത്.
ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞാൽ യാനങ്ങൾക്കും പരമ്പരാഗത വള്ളങ്ങൾക്കും കൊല്ലം തീരത്ത് നിന്ന് പോകുന്ന ബോട്ടുകൾക്കും വളർച്ചയെത്തി കിട്ടേണ്ട മത്സ്യമാണ് ട്രോളിംഗിലൂടെ ഫിഷ് മിൽ ലോബി തൂത്ത് വാരി കൊണ്ടിരിക്കുന്നത്. മത്സ്യബന്ധനം നടത്തുമ്പോൾ മത്സ്യത്തിന് പുറമെ കിട്ടുന്ന അനുബന്ധ ബൈക്കറ്റസ് വളത്തിന്റെയും മരുന്നുകളുടെയും നിർമാണത്തിനായാണ് ഉപയോഗപ്പെടുത്തുന്നത്.
കടലിലെ മത്സ്യസമ്പത്ത് തൂത്തുവാരി കിട്ടുമ്പോൾ അതിലെ വളർച്ചയെത്തിയ മത്സ്യങ്ങൾ ഹാർബറിൽ ലേലത്തിന് വെച്ച ശേഷം ബാക്കിയാവുന്ന ‘ബൈക്കറ്റസ്' ഫിഷ് മില്ലുകളിലേക്കാണ് പോകുന്നത്. ഫിഷ് മില്ലുകൾ കിലോയ്ക്ക് 15 മുതൽ 25 രൂപ വരെ ഇതിനു വില നൽകി വരുന്നു. ഫിഷിംഗ് കഴിഞ്ഞു വരുന്ന അന്യസംസ്ഥാന ബോട്ടുകളിൽ നിന്ന് കുറഞ്ഞത് അഞ്ച് ടൺവരെ ബൈക്കറ്റസ് ( ചെറുമത്സ്യങ്ങൾ ഉൾപ്പെടെ) ലഭിക്കുന്നുണ്ടെന്നാണ് മത്സ്യ ത്തൊഴിലാളികൾ പറയുന്നത്.
കൊല്ലം പരപ്പിലെ വളർച്ചയില്ലാത്ത ചെറു മത്സ്യങ്ങളെ അക്ഷരാർഥത്തിൽ കൊള്ളയടിക്കപ്പെടുകയാണ്. കാലാവസ്ഥ വ്യതിയാനം കപ്പലുകൾക്ക് ഉണ്ടായ അപകടം, ട്രോളിംഗ് നിരോധനം എന്നിവയ്ക്ക് ശേഷം വലിയ മത്സ്യ ലഭ്യതയാണ് കടലിലിൽ നിന്ന് മത്സ്യത്തൊഴിലാളികൾ പ്രതീക്ഷിച്ചിരുന്നത്. അത് ഇക്കുറി ഉണ്ടായിട്ടില്ല. കണവ കിട്ടാതായി. വളരെ കുറച്ച് ബോട്ടുകൾക്കാണ് നാമമാത്രമായി കിളിമീൻ കിട്ടുന്നത്. കണവ, കരിക്കാടി,കിളിമീൻ എന്നിവയുടെ സീസൺ കാലമെന്ന് അറിയപ്പെടുന്ന ജൂൺ മുതൽ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങൾ കടന്നു പോകുമ്പോൾ കൊയ്ത്ത് ഫിഷ് മില്ലുകൾക്കായിരുന്നുവെന്ന് പറയേണ്ടി വരും.
ദൂരപരിധി ലംഘിച്ച് ഭീമൻ ബോട്ടുകളുടെ ട്രോളിംഗ് തുടരുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഉപജീവനത്തിനായി മീന്‍പിടിത്തത്തിലേര്‍പ്പെടുന്ന പരമ്പരാഗത-ചെറുകിട മത്സ്യതൊഴിലാളി സമൂഹം ഇതിലൂടെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിയെറിയപ്പെടുകയാണ്. വിദേശ മീന്‍പിടിത്ത കപ്പലുകള്‍ക്കും ഇന്ത്യയിലെ തന്നെ വന്‍കിട ട്രോളറുകള്‍ക്കും ഒത്താശ ചെയ്തു കൊടുക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നയസമീപനവും മത്സ്യത്തൊഴിലാളികൾക്ക് വിനയാവുകയാണ്.
തീരക്കടലില്‍ രണ്ടു ബോട്ടുകള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിംഗ് നടക്കുമ്പോള്‍പോലും അവ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർ തയാറാവുന്നില്ല. ചൈനീസ് നിര്‍മിതമായ 470 കുതിരശക്തിവരെയുള്ള എഞ്ചിനുകള്‍ ഉപയോഗിച്ചാണ് ട്രോള്‍ബോട്ടുകള്‍ രാത്രിയും പകലും ഒരുപോലെ കൊല്ലം പരപ്പിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അന്നം മുടക്കി മത്സ്യക്കൊയ്ത്ത് നടത്തി വരുന്നത്.