നായകളെ പൊതു ഇടങ്ങളിൽനിന്നു നീക്കണം: കമ്മീഷൻ
1223924
Friday, September 23, 2022 10:20 PM IST
പത്തനംതിട്ട: ആക്രമണകാരികളായ തെരുവു നായ്ക്കളെ പൊതുഇടങ്ങളിൽനിന്നു മാറ്റി സുരക്ഷിതമായ അഭയകേന്ദ്രങ്ങളിലാക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ.
പൊതുജനങ്ങൾക്കുള്ള ഭയാശങ്കകളും ജീവൻതന്നെ നഷ്ടപ്പെടുന്ന സാഹചര്യവും ഒഴിവാക്കാൻ ഇത് അനിവാര്യമാണെന്നു കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. ഉത്തരവാദപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ഉൾക്കൊള്ളാതെ അനാസ്ഥ കാണിക്കുന്നതു നിലവിലെ സാഹചര്യം വഷളാക്കും.
2001ലെ ഡോഗ് റൂൾസ് പ്രകാരം പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും അവരുടെ ജോലി നിർവഹിക്കുന്നുണ്ടോയെന്നു ജില്ലാ കളക്ടർ പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ജില്ലയിൽ നായയുടെ കടിയേറ്റ് ഒരു പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഉത്തരവ്. യഥാസമയം ജോലി നിർവഹിക്കപ്പെടുന്നില്ലെങ്കിൽ പരിഹാര നടപടികൾ ജില്ലാ കളക്ടർ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
2001ൽ നിലവിൽ വന്ന തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണ നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു തെരുവുനായ പ്രശ്നത്തിൽനിന്ന് ഒളിച്ചോടാനാവില്ലെന്നു കമ്മീഷൻ നിരീക്ഷിച്ചു. വന്ധ്യംകരണം നടത്തുന്ന ഏജൻസിയെ സംബന്ധിച്ചു മാത്രമാണ് ഹൈക്കോടതിയിൽനിന്നു നിരോധനം നിലവിലുള്ളതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. അടൂർ ഏറത്ത് സ്വദേശി അലക്സാണ്ടർ വർഗീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.