കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം: രണ്ടുപേർ അറസ്റ്റിൽ
1242866
Thursday, November 24, 2022 10:19 PM IST
മല്ലപ്പള്ളി: സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുമ്പോൾ പിന്നാലെയെത്തി, കാർ ബസിനു കുറുക്കിട്ട ശേഷം ഡ്രൈവറെ മർദിച്ച കേസിൽ രണ്ടുപേരെ കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് മല്ലപ്പള്ളി മടുക്കോലി ബസ് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുമ്പോഴാണ് കെഎസ്ആർടിസി ഡ്രൈവർക്ക് മർദനമേറ്റത്. കാർ യാത്രികരായ കോട്ടയം മീനച്ചിൽ പാല മുത്തോലി തോപ്പിൽ ടി.സി. ജോയിച്ചൻ (47), തോമസ് ടി. ചാക്കോ (52) എന്നിവരാണ് പിടിയിലായത്
ബസ് ഡ്രൈവർ മല്ലപ്പള്ളി മങ്കുഴിപ്പടി ഈട്ടിക്കൽ ഇ.ജെ. ജോൺസ(53)നാണ് മർദനമേറ്റത്. കാർ ബസിനു തടസമുണ്ടാക്കി പുറത്തിറങ്ങിയ ഇരുവരും ചേർന്ന് ഡ്രൈവറെ അസഭ്യം പറഞ്ഞു സീറ്റിൽ നിന്നു വലിച്ചിറക്കി വധഭീഷണി മുഴക്കി ആക്രമിച്ചുവെന്നാണ് പരാതി.
ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ജോലി തടസപ്പെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ഇരുവർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ മേൽനോട്ടത്തിൽ എസ്ഐ ജയമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
അക്രമികൾ സഞ്ചരിച്ച കാറിന്റെ നമ്പർ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിൽ, ഇരുവരെയും ബുധനാഴ്ച പാലായിലുള്ള വീടിന് സമീപത്തുള്ള മുത്തോലിയിൽ ഇതേ കാറിൽ യാത്ര ചെയ്യുന്നതായി കണ്ടെത്തി, കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാറും പിടികൂടി.
കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.