ബാറിലെ മർദനത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രതി റിമാൻഡിൽ
1244569
Wednesday, November 30, 2022 11:02 PM IST
പത്തനംതിട്ട: മുൻ വൈരാഗ്യത്തെത്തുടർന്ന് ബാറിലുണ്ടായ സംഘട്ടനത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ ഒരാൾ റിമാൻഡിൽ. ഇലവുംതിട്ട നല്ലാനിക്കുന്ന് താന്നിനിൽക്കുന്നതിൽ തങ്കപ്പന്റെ മകൻ അജി (41) ആണ് കൊല്ലപ്പെട്ടത്. ചെന്നീർക്കര മുട്ടത്തുകോണം ഓവിൽപീടിക ചെല്ലക്കുളഞ്ഞി വീട്ടിൽ മുരളീധരൻ ആചാരി (56)യെയാണ് റിമാൻഡ് ചെയ്തത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇലവുംതിട്ട ജംഗ്ഷനിലെ അർബൻ ബാറിന്റെ കൗണ്ടറിലേക്കുള്ള വഴിയിൽ വച്ചായിരുന്നു യുവാവിനെ മർദിച്ചത്. അജിയും മറ്റു രണ്ടുപേരും ചേർന്ന് അടിച്ചോടിച്ചതിന്റെ വിരോധം കാരണമാണ് ബാറിൽ അജിയെ തടഞ്ഞു മർദിച്ചത്. അടികൊണ്ട് നിലത്തുവീണ ഇയാളുടെ തല തറയിലിടിച്ചു. കുഴഞ്ഞുവീണ ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.