സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്
1296531
Monday, May 22, 2023 10:43 PM IST
പത്തനംതിട്ട: നിർമാണം പൂർത്തിയാക്കിയ വിവിധ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്ലാന്‍ ഫണ്ടില്‍ നിന്നു തുക വിനിയോഗിച്ച് നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്.
വെട്ടിപ്പുറം ഗവണ്മെന്റ് എല്‍പി സ്കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച ചടങ്ങിൽ മന്ത്രി വീണാ ജോര്‍ജ് ശിലാഫലക അനാച്ഛാദനം നിര്‍വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. പത്തനംതിട്ട നഗരസഭാ ചെയര്മാന് സക്കീര്‍ ഹുസൈന്, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്, പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ചന്ദനക്കുന്ന് സരസകവി മൂലൂര്‍ സ്മാരക ഗവണ്മെന്റ് യുപി സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍ തുടങ്ങിയവർ പങ്കെടുക്കും.
കിഴക്കുപുറം ജിഎച്ച്എസ്എസിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവർ പങ്കെടുക്കും.
കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്നു 11.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. ഇതോടനുബന്ധിച്ചു സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
കിഫ്ബി ഫണ്ടില്‍ നിന്നു മൂന്നു കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം സ്കൂളിനു നിര്‍മിച്ചത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്‍പതു ക്ലാസ് മുറികള്‍ ഉള്‍പ്പെടെ 6320.75 ചതുരശ്ര അടിയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എട്ട് ക്ലാസ് മുറികള്‍ ഉള്‍പ്പെടെ 9001.06 ചതുരശ്ര അടിയുമുള്ള വിവിധ സൗകര്യങ്ങളോടു കൂടിയ ബഹുനില കെട്ടിടമാണ് നിര്‍മിച്ചിട്ടുള്ളത്.