മിഴികള്‍ തുറക്കുന്നു...തെക്കേമലയില്‍ പൊക്കവിളക്ക് നവീകരണം ഉടന്‍ നടപ്പാക്കും
1459396
Monday, October 7, 2024 3:24 AM IST
കോഴഞ്ചേരി: തെക്കേമലയിലെ വിവാദമായ "പൊക്കവിളക്കിന്റെ' മിഴികള്‍ തുറക്കുന്നു. ആറുമാസമായി പ്രവര്‍ത്തനരഹിതമായി കിടന്ന വിളക്കിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയില്‍ ഭരണകക്ഷിയായ എല്‍ഡിഎഫിലെ അംഗങ്ങള്‍തന്നെ പരസ്പരം വെല്ലുവിളികള്‍ നടത്തി. കൈയേറ്റത്തിന്റെ വക്കുവരെ എത്തിയതോടെയാണ് പൊക്കവിളക്കും വിവാദത്തിലായത്.
2009-ല്‍ രാജ്യസഭാ എംപി ആയിരുന്ന ഡോ. ടി.എന്‍. സീമയുടെ ആസ്തി വികസന ഫണ്ടിലെ തുക ഉപയോഗിച്ച് തെക്കേമലയില്‍ പൊക്കവിളക്ക് സ്ഥാപിച്ചത്. വിളക്കിന്റെ സംരക്ഷണവും അറ്റുകുറ്റപ്പണികളും ഗ്രാമപഞ്ചായത്ത് നിര്‍വഹിക്കണമെന്നായിരുന്നു ധാരണ. ആറ് ബള്‍ബുകളാണ് പൊക്കവിളക്കിനുണ്ടായിരുന്നത്.
ഇതില്‍ രണ്ട് ബള്‍ബുകള്‍ നേരത്തേതന്നെ അണഞ്ഞിരുന്നു. വിളക്കിന്റെ നവീകരണം നടത്തണമെന്ന് ഭരണ കക്ഷിയില്‍പെട്ട വാര്‍ഡ് മെംബര്‍ സോണി കൊച്ചുതുണ്ടിയില്‍ മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് കമ്മിറ്റിയോഗത്തില്‍ ആവശ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട്ടെ സില്‍ക്ക് എന്ന സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനം നവീകരണ പ്രവര്‍ത്തനം നടത്താമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ നിശ്ചയിച്ചിരുന്ന തുക അമിതമാണ് എന്നും അത് അനുവദിക്കാന്‍ കഴിയുകയില്ലെന്നും ഭരണകക്ഷി അംഗങ്ങള്‍തന്നെ പറഞ്ഞതിനേത്തുടര്‍ന്ന് നവീകരണം നടക്കാതെ ഇതിനുവേണ്ടി മാറ്റിവെച്ച തുക സ്പില്‍ ഓവര്‍ ആകുകയായിരുന്നു.
തെക്കേമലയില്‍ വിളക്ക് പ്രകാശിക്കാത്തതിനെത്തുടര്ന്ന് രാത്രികാലങ്ങളില്‍ അപകടം തുടര്‍ക്കഥയാവുകയായിരുന്നു. തുടര്‍ന്ന് നവീകരണം എത്രയും വേഗം നടത്തണമെന്ന് വാര്‍ഡ് മെംബര്‍ ആവശ്യപ്പെട്ടതോടെ പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ ഭരണകക്ഷിയംഗങ്ങള്തന്നെ ബഹളം ഉണ്ടാക്കുകയും കോഴഞ്ചേരി ടൗണിലടക്കം സ്ഥാപിച്ചിട്ടുള്ള പൊക്കവിളക്കുകള്കൂടി നവീകരിക്കണമെന്നുപറഞ്ഞ് പരസ്പരം പോരടിക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട പരാതി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തു.
പൊക്കവിളക്ക് പ്രശ്നം പഞ്ചായത്ത് ഭരണത്തില്‍തന്നെ അസ്വസ്ഥത ഉണ്ടാക്കിയതിനെത്തുടര്‍ന്ന് എല്‍ഡിഎഫ് നേതൃത്വം ഇടപെടുകയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പൊക്കവിളക്കിന്റെ നവീകണം നടത്തുമെന്നും വിളക്കിലെ ആറ് ബള്‍ബുകളും പ്രകാശിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് പറഞ്ഞു.