പുനരൈക്യ വാർഷികം : സംഘടനകളുടെ സംഗമം ഇന്ന്
1592819
Friday, September 19, 2025 3:32 AM IST
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 95-ാം പുനരൈക്യ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മലങ്കര കത്തോലിക്കാ സഭയിലെ വിവിധ അല്മായ സംഘടനകളുടെ സംഗമം ഇന്ന് വിവിധ വേദികളിലായി നടക്കും. സഭയുടെ വിവിധ രൂപതകളിൽനിന്നുള്ള ഭക്തസംഘടനാ പ്രവർത്തകർ സമ്മേളനങ്ങളിൽ പങ്കെടുക്കും.
യുവജന കൺവൻഷൻ തട്ട പള്ളിയിൽ
പത്തനംതിട്ട: മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ 34-ാമത് അന്തര്‍ദേശീയ യുവജന കണ്വന്ഷന് ഇന്നു പത്തനംതിട്ട ഭദ്രാസനത്തിന്റെ ആതിഥേയത്വത്തില്‍ തട്ട സെന്റ് ആന്റണീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തില്‍ നടക്കും.
ഉച്ചകഴിഞ്ഞ് 1.30ന് മന്ത്രി റോഷി അഗസ്റ്റിന് സംഗമം ഉദ്ഘാടനം ചെയ്യും. എംസിവൈഎം സഭാതല പ്രസിഡന്റ് മോനു ജോസഫ് അധ്യക്ഷത വഹിക്കും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ മുഖ്യപ്രഭാഷണം നടത്തും.
ആന്റോ ആന്റണി എംപി, പത്തനംതിട്ട ഭദ്രാസന അധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, യുവജന കമ്മീഷന് ചെയര്മാന് ഡോ. മാത്യൂസ് മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത, പത്തനംതിട്ട ഭദ്രാസന പ്രസിഡന്റ് ബിബിന്‍ ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ യുവജന സെമിനാര്‍ നയിക്കും.
വിവിധ ഭദ്രാസനങ്ങളില്നിന്നായി രണ്ടായിരത്തോളം യുവജനങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് സഭാതല പ്രസിഡന്റ് മോനു ജോസഫ്, പത്തനംതിട്ട ഭദ്രാസന ഡയറക്ടര്‍ ഫാ. ജോബ് പതാലില്‍, ഭദ്രാസന പ്രസിഡന്റ് ബിബിന്‍ ഏബ്രഹാം എന്നിവർ അറിയിച്ചു.
ആഗോള അല്മായ സംഗമം മാർ ഈവാനിയോസ് നഗറിൽ
പത്തനംതിട്ട: മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) നേതൃത്വത്തിലുള്ള ആഗോള അല്മായ സംഗമം പ്രധാന വേദിയായ അടൂർ ഓൾ സെയ്ന്റ്സ് സ്കൂളിലെ മാർ ഈവാനിയോസ് നഗറിൽ നടക്കും.
ഉച്ചകഴിഞ്ഞ് 1.30ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംഗമം ഉദ്ഘാടനം ചെയ്യും. എംസിഎ സഭാതല പ്രസിഡന്റ് എസ്.ആർ. ബൈജു അധ്യക്ഷത വഹിക്കും. കെസിബിസി അല്മായ സെക്രട്ടറി ഡോ.കെ.എം.ഫ്രാൻസിസ് ക്ലാസ് നയിക്കും.
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് മെത്രാപ്പോലീത്ത, ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത എന്നിവർ പങ്കെടുക്കും. ചടങ്ങിൽ സിറിൽ ബസേലിയോസ് വിദ്യാശ്രീ പുരസ്കാര വിതരണവും ഉപന്യാസ രചന സമ്മാനദാനവും ദേവാലയ നിർമാണ ഫണ്ട് വിതരണവും നടക്കു.
കുട്ടികളുടെ സംഗമം ആനന്ദപ്പള്ളി പള്ളിയിൽ
പത്തനംതിട്ട: മലങ്കര കാത്തലിക് ചിൽഡ്രൻസ് ലീഗ് (എംസിസിഎൽ) സഭാതലസംഗമം ആനന്ദപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ നടക്കും. ഉച്ചകഴിഞ്ഞ് 1.30ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. രൂപതാ പ്രസിഡന്റ് ക്രിസ്റ്റീന അലക്സ് അധ്യക്ഷത വഹിക്കും.
പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത സന്ദേശം നൽകും. ഡോ.അലക്സ് ജോർജ് (പാലാ സെന്റ് തോമസ് കോളജ്) ക്ലാസ് നയിക്കും. സഭയിലെ വിവിധ രൂപതകളിൽനിന്നുള്ള എംസിസിഎൽ പ്രവർത്തകർ സംഗമത്തിൽ പങ്കെടുക്കും.
കൺവൻഷൻ ഇന്നു സമാപിക്കും
പത്തനംതിട്ട: വചനത്തില്‍ അഭിലാഷം അര്‍പ്പിക്കുകയും അവയോടു തീവ്രാഭിനിവേശം കാണിക്കുകയുമാണ് ജ്ഞാനം ലഭിക്കാനുള്ള മാർഗമെന്നു ഫാ. ഡാനിയേൽ പൂവണ്ണത്തിൽ. പുനരൈക്യ വാർഷികത്തിന്റെ ഭാഗമായുള്ള ബൈബിൾ കൺവൻഷന്റെ രണ്ടാം ദിവസ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ജ്ഞാനം കുറവുള്ളവന് ദൈവത്തോടു ചോദിച്ചാൽ അതു ലഭിക്കും. ജീവിതത്തിൽ മറ്റെന്തിനേക്കാളും ജ്ഞാനത്തിനു വിലയുണ്ടെന്നും ഫാ. പൂവണ്ണത്തിൽ ചൂണ്ടിക്കാട്ടി.ബൈബിൾ കൺവൻഷൻ ഇന്നു സമാപിക്കും. രാത്രി 8.30ന് വിശുദ്ധ കുർബാനയുടെ ആരാധനയ്ക്കു ശേഷം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സമാപന സന്ദേശം നൽകും.
സഭാചരിത്രത്തിലെ നാഴികക്കല്ല്
യേശുവിന്റെ ദൈവത്വത്തെയും പരിശുദ്ധത്രിത്വത്തെയും സംബന്ധിച്ചുള്ള വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങൾ രൂപീകരിക്കുന്നതിൽ സുപ്രധാനമായ സ്ഥാനമാണ് നിഖ്യാ സൂനഹദോസിനുള്ളത്.
യേശു സത്യദൈവത്തിൽനിന്നുള്ള സത്യദൈവവും ജനിച്ചനും സൃഷ്ടി അല്ലാത്തവനും ആണെന്നത് ഉൾപ്പെടെയുള്ള ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന ബോധ്യങ്ങളെയും സത്യങ്ങളെയും വിളിച്ചോതുകയും ഏറ്റുപറയുകയും ചെയ്യുന്ന നിഖ്യാ വിശ്വാസപ്രമാണവും ഈ സൂനഹദോസിന്റെ സംഭാവനയാണ്. അപ്പോസ്തോലിക സഭകളെല്ലാം പിന്തുടരുന്ന വിശ്വാസപ്രമാണമാണിത്.
പൗരാണിക സഭയിലെ സുപ്രധാന വ്യക്തിത്വങ്ങളായ അലക്സാൻഡ്രിയയിലെ അലക്സാണ്ടറും അത്തനാസിയൂസും കേസറിയായിലെ യൗസേബിയൂസും ഉൾപ്പെടെ നിരവധി മെത്രാന്മാരും സഭ തലവന്മാരും പങ്കെടുത്ത ഈ സൂനഹദോസ് സഭാചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്.