അഭിമാനത്തോടെ ആതിഥേയത്വം അരുളി പത്തനംതിട്ട രൂപത
1592822
Friday, September 19, 2025 3:32 AM IST
പത്തനംതിട്ട: വിശ്വാസത്തിന്റെ കരുത്തും ആത്മബലവുമുള്ള പത്തനംതിട്ട ജില്ലയുടെ നാമം വഹിക്കുന്ന പത്തനംതിട്ട രൂപത രൂപീകൃതമായിട്ട് 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയിലാണ് 95ാം പുനരൈക്യ വാര്‍ഷിക ആഘോഷത്തിന് ആതിഥ്യമരുളുന്നത്.
2012ലെ പുനരൈക്യ വാർഷികം പത്തനംതിട്ടയിലായിരുന്നു. 13 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും ഈ മണ്ണിൽ സഭാസംഗമം. 2010 ജനുവരി 25ന് പത്തനംതിട്ട രൂപത രൂപീകൃതമായത്. 1930 സെപ്റ്റംബര്‍ 20 ന് നടന്ന വിഖ്യാതമായ പുനരൈക്യപ്രസ്ഥാനതതിന്റെ എല്ലാ മുന്നൊരുക്കങ്ങളും ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്ത നടത്തിയത് പത്തനംതിട്ടയിലെ പെരുനാട്ടിലുള്ള ബഥനി ആശ്രമത്തില്‍ വച്ചാണ്.
കോന്നി, സീതത്തോട്, റാന്നിപെരുനാട്, പത്തനംതിട്ട, പന്തളം എന്നീ വൈദിക ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 100 ഇടവക സമൂഹങ്ങളിലൂടെ പത്തനംതിട്ട രൂപത മധ്യതിരുവിതാംകൂറിലെ ഈ അനുഗ്രഹീത മണ്ണില്‍ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുന്നു.
സാന്ത്വനത്തിന്റെയും കരുണയുടെയും കരുതല്‍ ശുശ്രൂഷകളിലൂടെ, വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയിലും നല്കുന്ന വിവിധ സേവനങ്ങളിലൂടെ, സഹോദരീസഭകളോടും ഇതര മതങ്ങളോടും പുലര്‍ത്തുന്ന സൗഹാര്‍ദ ബന്ധങ്ങളിലൂടെ, പത്തനംതിട്ട രൂപത ഇതിനോടകംതന്നെ ക്രിസ്തുവിന്റെ കരുണയുടെ മുഖത്തിന്റെ പ്രതിഫലനമായി മാറിയിരിക്കുകയാണെന്നു രൂപതാധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് ചൂണ്ടിക്കാട്ടി.