കാതോലിക്കേറ്റ് കോളജും ശ്രീനാരായണ റിസർച്ച് മെഡിക്കൽ കോളജും ധാരണാപത്രം ഒപ്പുവച്ചു
1592834
Friday, September 19, 2025 3:44 AM IST
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജും കൊല്ലം ശ്രീ നാരായണ ആയുര്‍വേദിക് സ്റ്റഡീസ് ആൻഡ് റിസർച്ച് മെഡിക്കൽ കോളജും തമ്മിൽ വിദ്യാർഥി കൈമാറ്റത്തിനും ഗവേഷണ സഹകരണത്തിനായി മഹാത്മാഗാന്ധി സർവകലാശാലയിൽ ധാരണാപത്രം ഒപ്പുവച്ചു.
സപ്തതി നിറവിൽ നിൽക്കുന്ന ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ധാരണാപത്രം ഒപ്പുവയ്ക്കൽ മഹാത്മാഗാന്ധി സർവകലാശാല ആസ്ഥാനത്തു നടന്നു. ആയുര്‍വേദം,സസ്യശാസ്ത്രം എന്നീ മേഖലകളിൽ അന്തർവിഷയപരമായ പഠന, ഗവേഷണ പ്രവർത്തനങ്ങൾക്ക് ഈ ധാരണാപത്രം വഴിതെളിക്കും. 1952-ൽ സ്ഥാപിതമായ കാതോലിക്കേറ്റ് കോളജ്, മഹാത്മാഗാന്ധി സർവകലാശാലയിലെ നാക് എ പ്ലസ് പ്ലസ് റാങ്കുള്ള സ്ഥാപനമാണ്.
കാതോലിക്കേറ്റ് കോളജ് ബോട്ടണി വിഭാഗം നിരവധി ദേശീയ അന്തർദേശീയ ധാരണാ പത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ചടങ്ങിൽ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ടി. ആരവിന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി.
കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ്, ശ്രീനാരായണ റിസർച്ച് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.വി.പ്രദീപ് എന്നിവർ തമ്മിൽ ധാരണാപത്രം കൈമാറി. ബോട്ടണി വിഭാഗം അധ്യക്ഷൻ ഡോ.ബിനോയ് ടി. തോമസ്, ദ്രവ്യഗുണവിഭാഗം വിഭാഗാധ്യക്ഷ ഡോ. നിഷ ബാബു, ഡോ. ഡി. ദിവ്യ രാജ്, സപ്തതി കോഓർഡിനേറ്റർ ഡോ. ഗോകുൽ ജി. നായർ, ലീഡ് ഇൻവെസ്റിഗേറ്റർ ഡോ. വി.പി. തോമസ് എന്നിവർ പങ്കെടുത്തു.