പന്പയിലെ അയ്യപ്പഭക്തസംഗമം; പ്രധാനവേദി 43000 ചതുരശ്രഅടിയുടെ ജർമൻ പന്തൽ
1592832
Friday, September 19, 2025 3:44 AM IST
പത്തനംതിട്ട: നാളെ പന്പയിൽ ആഗോള അയ്യപ്പഭക്ത സംഗമത്തിനുവേണ്ടി ഒരുങ്ങിയിരിക്കുന്നത് മൂന്ന് ജര്‍മന്‍ ഹാങ്ങര്‍ പന്തൽ. പമ്പ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 3000 പ്രതിനിധികള്‍ക്ക് ഇവിടെയാണ് ഇരിപ്പിടം. തറനിരപ്പില്‍ നിന്ന് നാലടി ഉയരത്തില്‍ 2400 ചതുരശ്രയടിയിലാണ് സ്റ്റേജ്. ഇതിനോടു ചേര്‍ന്ന് ഗ്രീന്‍ റൂമുമുണ്ട്. മീഡിയ റൂമുള്‍പ്പെടെ പ്രധാന വേദിയോടു ചേര്‍ന്നാണ്.
പമ്പയുടെ പവിത്രത കാത്തുസൂക്ഷിച്ച് മണപ്പുറത്തിന്റെ സ്വാഭാവിക ഘടനയ്ക്ക് ദോഷം വരാതെ പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് പന്തല്‍ നിര്‍മിച്ചത്. തറയില്‍ നിന്ന് ഒരടി ഉയരത്തില്‍ പ്ലൈവുഡിലാണ് പ്ലാറ്റ്ഫോം. ഹില്‍ടോപ്പില്‍ രണ്ട് പന്തലുണ്ട്.
പാനല്‍ ചര്‍ച്ചയ്ക്കായി 4,500 ചരുരശ്രയടിയിലും ഭക്ഷണം കഴിക്കാനായി 7,000 ചതരുശ്രയടിയിലുമാണ് ഇവിടെ പന്തൽ. പമ്പ തീരത്തും ഭക്ഷണ സൗകര്യമുണ്ട്. ഇതിനായി 7,000 ചതുരശ്രയടിയില്‍ ജര്‍മന്‍ ഹാങ്ങര്‍ പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പ്രദര്‍ശന മേള സംഘടിപ്പിക്കാനായി 2000 ചതുരശ്രയടിയില്‍ മറ്റൊരു പന്തലുമുണ്ട്.
ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനാണ് നിര്‍മാണച്ചുമതല. മാലിന്യ നിര്‍മാര്‍ജനമടക്കം ഇവര്‍ നിര്‍വഹിക്കും. സംഗമത്തിന് ശേഷം പന്തല്‍ പൂര്‍ണമായും അഴിച്ചുമാറ്റും. സംഗമത്തില്‍ മൂന്ന് സമാന്തര സെക്ഷനുകൾ നടക്കും.
ആദ്യ സെക്ഷൻ ശബരിമല മാസ്റ്റർ പ്ലാൻ സംബന്ധിച്ചാണ്. ഹൈപവര്‍ കമ്മിറ്റി അംഗങ്ങൾ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നയരൂപീകരണ വിദഗ്ധര്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും. അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, തീർഥാടകരുടെ ക്ഷേമം തുടങ്ങിയ ദീര്‍ഘകാല പദ്ധതികളെ കുറിച്ച് സെഷനില്‍ ചര്‍ച്ച ചെയ്യും. ആധുനിക സൗകര്യങ്ങള്‍ ഒരുക്കികൊണ്ട് ക്ഷേത്രത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്ന സുസ്ഥിരമായ കാഴ്ചപ്പാട് രൂപപ്പെടുത്തുകയാണ് ലക്ഷ്യം.
രണ്ടാമത്തെ സെക്ഷന്‍ ആത്മീയ ടൂറിസം സര്‍ക്യൂട്ടുകള്‍ എന്ന വിഷയത്തെക്കുറിച്ചാണ്. കേരളത്തിലെ മറ്റ് സാംസ്കാരിക, ആത്മീയ കേന്ദ്രങ്ങളുമായി ശബരിമലയെ എങ്ങനെ ബന്ധിപ്പിക്കാം എന്ന് ഇതില്‍ ചര്‍ച്ച ചെയ്യും. ടൂറിസം-വ്യവസായ മേഖലയിലെ പ്രമുഖര്‍ തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക പൈതൃകം പ്രോത്സാഹിപ്പികകുന്നതിനും, ചുറ്റുമുള്ള പ്രദേശങ്ങള്‍ക്ക് സാമൂഹിക-സാമ്പത്തിക നേട്ടങ്ങള്‍ നല്കുന്നതിനുമുള്ള വഴികള്‍ അവതരിപ്പിക്കും.
മൂന്നാമെത്ത സെഷന് ശബരിമലയിലെ തിരക്ക് നിയന്ത്രണവും സജ്ജീകരണങ്ങളും എന്ന വിഷയമാണ്. പ്രമുഖ പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വിദഗ്ധർ, സാങ്കേതിക പങ്കാളികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ ആറിന് പ്രതിനിധികളുടെ രജിസ്ട്രേഷന് ആരംഭിക്കും. രാവിലെ ഒമ്പത് മുതല്‍ 11 വരെ ഉദ്ഘാടന സമ്മേളനം. തുടര്‍ന്നാണ് സമാന്തര സെഷനുകള്‍. ഉച്ചഭക്ഷണത്തിന് ശേഷം ഗായകന് വിജയ് യേശുദാസ് നയിക്കുന്ന സംഗീത പരിപാടി. 3.20 ന് ചര്‍ച്ചകളുടെ സമാഹരണം. തുടര്‍ന്ന് സമാപന സമ്മേളനം.