പത്തനംതിട്ടയ്ക്കു വെളിച്ചം പടിവാതിൽക്കൽ
1592830
Friday, September 19, 2025 3:44 AM IST
220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ സബ്സ്റ്റേഷൻ ഉദ്ഘാടനം ഇന്ന്
വിതരണ തടസങ്ങൾക്കു പരിഹാരം
പത്തനംതിട്ട: പത്തനംതിട്ടയിലെ പുതിയ 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച്ഗിയർ സബ്
സ്റ്റേഷൻ ഉദ്ഘാടനം ഇന്നു നടക്കും. വൈകുന്നേരം നാലിന് പത്തനംതിട്ട മേരിമാതാ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും.
വൈദ്യുതി തടസം കൂടാതെ നൽകുന്നതിനായി ട്രാൻസ്ഗ്രിഡ് ശബരി പദ്ധതിയിൽ 244 കോടി രൂപ ചെലവിൽ ആദ്യമായി നിർമാണം പൂർത്തിയാക്കിയ പദ്ധതിയാണിത്. വൈദ്യുതി പ്രസരണ ലൈനുകലുടെ കുറവുമൂലം ജില്ലയിൽ ഉണ്ടായിക്കൊണ്ടിരുന്ന വിതരണ തടസങ്ങൾക്കു പരിഹാരമായാണ് പുതിയ സബ് സ്റ്റേഷൻ.
ജില്ലാ ആസ്ഥാനം ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിലവിൽ വൈദ്യുതി എത്തിച്ചുകൊണ്ടിരിക്കുന്ന പ്രധാന ഉറവിടം ആലപ്പുഴ ജില്ലയിലെ ഇടപ്പോൺ 220 കെവി സബ് സ്റ്റേഷനാണ്. ഈ സബ്സ്റ്റേഷനിലോ അനുബന്ധലൈനുകളിലോ ഉണ്ടാകുന്ന തകരാറുകൾ ജില്ലയിലെ മൊത്തം പ്രസരണ വിതരണ ശൃംഖലകളെ പ്രതികൂലമായി ബാധിക്കുകയും വൈദ്യുതി തടസം നേരിടുകയും ചെയ്തിരുന്നു.
പ്രവർത്തനക്ഷമത ഏറും
ശബരിഗിരി ജലവൈദ്യുതിപദ്ധതിയുടെ ടെയിൽറെയ്സ് പദ്ധതികളാണ് 50 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കക്കാട് പദ്ധതിയും മറ്റുചെറുകിട പദ്ധതികളും. നിലവിൽ ഈ പദ്ധതികളിൽനിന്നുമുള്ള വൈദ്യുതി 110 കെവി ഡബിൾ സർക്യൂട്ട് ലൈനുകളിലൂടെ പത്തനംതിട്ട 110 കെവി സബ്സ്റ്റേഷനിലേക്കു പ്രസരണം ചെയ്യുന്നു.
ഈ ലൈനുകളിൽ തകരാർ സംഭവിക്കുകയോ കക്കാട് പദ്ധതിയിൽ ഏതെങ്കിലും സാഹചര്യത്തിൽ ഉത്പാദനം നിലയ്ക്കുകയോ ശബരിഗിരി പദ്ധതിയിൽ വൈദ്യുതോത്പാദനത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടതായോ വന്നാൽ വിതരണ മേഖലയിൽ പ്രതിസന്ധിയും മൂഴിയാർ ഡാമിൽ നിന്നും ജലം തുറന്നു വിടേണ്ടതുമായ സാഹചര്യം ഉടലെടുക്കും. ഇത് കേരളത്തിലെ വൈദ്യുതലഭ്യതയെ സാരമായി ബാധിക്കുകയും തന്മൂലം സാമ്പത്തികനഷ്ടം ഉണ്ടാകുവാൻ കാരണമാകുകയുംചെയ്യുന്നു.
ഇത്തരം ഒരു സാഹചര്യം കക്കാടും സമീപ പ്രദേശങ്ങളിലെയും വൈദ്യുതി വിതരണത്തെ സാരമായി ബാധിക്കുകയും ചെയ്യും. പദ്ധതി യാഥാർഥ്യമാകുന്നതോടെ ജില്ലയിലെ അടൂർ, ഏനാത്ത്, തിരുവല്ല സബ്സ്റ്റേഷനുകൾ 110 കെവി നിലവാരത്തിലേക്ക് ഉയരും. ഒപ്പം പത്തനംതിട്ട, കൂടൽ എന്നീ സബ്സ്റ്റേഷനുകളിലേക്ക് കൂടുതൽ സ്രോതസിൽ നിന്നുള്ള 110 കെവി വൈദ്യുതിഎത്തിക്കുവൻ സാധ്യമാക്കുകയും റാന്നി, കോഴഞ്ചേരി, കക്കാട് എന്നീ 110 കെവി സബ്സ്റ്റേഷനുകളിലൂടെ വൈദ്യുതി ലഭ്യത വർധിക്കുകയും ചെയ്യും.
പത്തനംതിട്ട സബ് സ്റ്റേഷൻ നേരത്തെതന്നെ 220 കെവിയായി ഉയർത്തിയിരുന്നു. കക്കാട് 220 കെവി സബ് സ്റ്റേഷനും പൂർത്തിയായി വരുന്നു. ഇടപ്പോൺ, ഇടമൺ സബ് സ്റ്റേഷനുകളിൽനിന്നു 220 കെവി ലൈനുകൾ പത്തനംതിട്ടയിലേക്കു പുതുതായി സ്ഥാപിച്ചു.
244 കോടിയുടെ പദ്ധതി
ട്രാൻസ് ഗ്രിഡിന്റെ രണ്ടാം ഘട്ട പദ്ധതികളിൽ 244 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ഏറ്റവും പ്രധാനമായ പദ്ധതിയാണ് ശബരി ലൈൻസ് ആൻഡ് സബ്സ്റ്റേഷൻ പാക്കേജ്. ഈ പാക്കേജിൽ ശബരിഗിരി, ഇടമൺ, കൂടൽ, പത്തനംതിട്ട, അടൂർ, ഇടപ്പോൺ എന്നീ സബ്സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ട് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽകൂടി കടന്നുപോകുന്ന 57 കിലോമീറ്റർ 220 കെവി ഡബിൾ സർക്യൂട്ട്, 220, 110 കെവി മൾട്ടി സർക്യൂട്ട് ലൈനുകളാണുള്ളത്.
ഈ പാക്കേജിൽ ഉൾപ്പെടുന്ന പത്തനംതിട്ട 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ സബ്സ്റ്റേഷന്റെ പ്രവർത്തനോദ്ഘാടനമാണ് ഇന്നു നടക്കുന്നത്. ലൈനുകളുടെ നിർമാണത്തിനായി 172.07 കോടി രൂപയും സബ്സ്റ്റേഷന്റെ നിർമാണത്തിനായി 35 കോടി രൂപയും ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നതിനായി 6.5 കോടി രൂപയും ചെലവായിട്ടുണ്ട്.
ആധുനിക സംവിധാനം
പരിപാലന ചെലവ് ഗണ്യമായി കുറഞ്ഞതും തടസസാധ്യതകൾ തുലോം കുറവായതുമായ ആധുനിക ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച്ഗിയർ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സബ്സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്.
പത്തനംതിട്ടയിൽ പുതുതായി നിർമിച്ചിട്ടുള്ള ഈ സബ്സ്റ്റേഷനിൽ 100 എംവിഎ ശേഷിയുള്ള ഒരു ട്രാൻസ്ഫോർമറാണ് സ്ഥാപിച്ചിട്ടുള്ളത്. ശബരി ലൈൻ ആൻഡ് സബ്സ്റ്റേഷൻ പാക്കേജ് കമ്മീഷൻ ചെയ്യുന്നതോടെ വാർഷിക പ്രസരണനഷ്ടം ഏകദേശം 194 ലക്ഷം യൂണിറ്റ് കുറയുമെന്നാണ് പ്രതീക്ഷയെന്നു ഡെപ്യൂട്ടി ചീഫ് എൻജിനിയർ ജി . ശ്രീകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയർമാരായ ടി .ജോയി, ബിനു ജി. കൃഷ്ണ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.