തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രം മാനദണ്ഡം: സണ്ണി ജോസഫ്
1592831
Friday, September 19, 2025 3:44 AM IST
പത്തനംതിട്ട: ആസന്നമായ തദ്ദേശ സ്ഥാപനതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് വിജയ സാധ്യത മാത്രം മാനദണ്ഡമാക്കിയായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുവാൻ ചേർന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃസമ്മേളനം പത്തനംതിട്ട രാജീവ്ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി തീരുമാനം അനുസരിച്ച് തെരഞ്ഞെടുപ്പിനു മുന്നോടിയായി വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഗൃഹ സമ്പർക്ക പരിപാടി 30ന് മുമ്പ് പൂർത്തീകരിക്കണമെന്നും പരിപാടിയുമായി സഹകരിക്കാത്ത എല്ലാ തലങ്ങളിലുമുള്ള നേതാക്കൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന സ്പെഷൽ ഇന്റൻസീവ് റിവിഷൻ വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തി അധികാരത്തിൽ വരാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും ഇതിനെതിരേ വ്യാപകമായ പ്രതിഷേധ, പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ആന്റോ ആന്റണി എംപി, ജനറൽ സെക്രട്ടറിമാരായ എം.എം. നസീർ, പഴകുളം മധു, ഡിസിസി മുൻ പ്രസിഡന്റുമാരായ കെ. ശിവദാസൻ നായർ, പി. മോഹൻരാജ്, നേതാക്കളായ പന്തളം സുധാകരൻ, ഡോ. ജെ.എസ്. അടൂർ, മലേത്ത് സരളദേവി, എ. ഷംസുദീൻ, ജോർജ് മാമ്മൻ കൊണ്ടൂർ,
എൻ, ഷൈലാജ്, റിങ്കു ചെറിയാൻ, അനീഷ് വരിക്കാണാമല, മാത്യു കുളത്തുങ്കൽ, അനിൽ തോമസ്, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, റോബിൻ പീറ്റർ, ടി. കെ. സാജു, കെ.കെ. റോയ്സൺ, റെജി തോമസ്, തോപ്പിൽ ഗോപകുമാർ, എസ്.വി. പ്രസന്നകുമാർ, ഹരികുമാർ പുതങ്കര, ലിജു ജോർജ്, റോജിപോൾ ഡാനിയേൽ, കെ.വി. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
പോലീസ് അതിക്രമങ്ങൾ അക്കമിട്ടു നിരത്താൻ പ്രതിപക്ഷത്തിനായി: സണ്ണി ജോസഫ്
പത്തനംതിട്ട: പോലീസ് അതിക്രമങ്ങളെ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചീറ്റിപ്പോയെന്ന് പറഞ്ഞാല്‍ ജനങ്ങളത് വിശ്വസിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനും കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനില്‍ നടന്ന പോലീസ് അതിക്രമങ്ങളുടെയും നേര്‍സാക്ഷ്യമാണ് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചത്. വിഷയത്തിന്റെ ഗൗരവം ഉള്ളതുകൊണ്ടാണ് ഭരണപക്ഷം അതു ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്.
പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന് ഭരണപക്ഷം ഒരിക്കലും അംഗീകരിക്കില്ല. പോലീസ് അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് മുഖ്യമന്ത്രി തന്നെയാണ്. പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെടിച്ചെട്ടിയും ഹെല്‍മെറ്റും കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്പിച്ചപ്പോള് അതിനെ രക്ഷാപ്രവര്‍ത്തനമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
രോഗികളോട് നീതി പുലര്‍ത്താന്‍ പോലും കഴിയാത്ത ആരോഗ്യ വകുപ്പ് പ്രവര്ത്തനരഹിതമാണെന്നതിൽ തർക്കമില്ല. ഇക്കാര്യം തുറന്ന് പറഞ്ഞത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ.ഹാരീസാണ്. മകളുടെ ചികിത്സയ്ക്കെത്തിയ വീട്ടമ്മയാണ് കോട്ടയത്ത് മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നു വീണു മരിച്ചത്.
ചികിത്സാ പിഴവിന്റെ നീണ്ട നിരയാണ് ഇക്കാലയളവില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.