പൈപ്പു മുറിച്ചു; ജനങ്ങളുടെ കുടിവെള്ളം മുട്ടി
1282198
Wednesday, March 29, 2023 10:57 PM IST
കരിമണ്ണൂർ: മുളപ്പുറം പാലം നിർമാണത്തിനായി ജലവിതരണ പൈപ്പുകൾ മുറിച്ചുമാറ്റിയതോടെ പാലത്തിനു സമീപത്തെ പതിനഞ്ചിലേറെ കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. പതിനഞ്ചു ദിവസമായി ഈ മേഖലയിലെ കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്.
നാട്ടുകാർ ഇതുസംബന്ധിച്ച് വാട്ടർ അഥോറിറ്റിയെ വിവരം അറിയിച്ചെങ്കിലും അറ്റകുറ്റപ്പണി നടത്തി പൈപ്പ് പുനഃസ്ഥാപിക്കേണ്ട ചുമതല പാലം നിർമാണം ഏറ്റെടുത്ത കരാറുകാരനാണെന്നാണ് ഇവർ പറയുന്നത്.
എന്നാൽ, പൈപ്പ് മുറിച്ചുനീക്കുന്നതിനും നിർമാണം നടക്കുന്ന ഭാഗം ഒഴിവാക്കി വെള്ളം വിതരണം ചെയ്യുന്നതിനും വാട്ടർ അഥോറിറ്റി തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള തുക കെട്ടിവച്ചിട്ടുണ്ടെന്നും അവരാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നുമാണ് കരാറുകാരന്റെ നിലപാട്.
കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾ ഇനി ആരുടെ മുന്നിൽ പരാതി പറയുമെന്ന ആശങ്കയിലാണ്. ഇതിനു പുറമേ പാലം നിർമിക്കുന്പോൾ സമീപത്തെ കുടുംബങ്ങൾക്ക് നടപ്പുവഴി ഒരുക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അതിനും നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.