മികവിന് അംഗീകാരം
1417540
Saturday, April 20, 2024 3:03 AM IST
അടിമാലി: പട്ടാപ്പകൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വർണം കവർന്ന കേസ് അതിവേഗം തെളിയിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് അംഗീകാരം. അന്വേഷണത്തിന് നേതൃത്വം നൽകിയ ഇടുക്കി ഡിവൈഎസ്പി സാജു വർഗീസിന് ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് പ്രശംസാപത്രം സമ്മാനിച്ചു.
കഴിഞ്ഞ 13ന് വൈകുന്നേരമാണ് കൊലപാതകം നടന്നത്. അടിമാലി കുര്യൻസ് പടിയിൽ താമസിക്കുന്ന നടുവേലിൽ കിഴക്കേതിൽ ഫാത്തിമ കാസിം (70) ആണ് കൊല്ലപ്പെട്ടത്. രാത്രി വീട്ടിലെത്തിയ മകനാണ് വീടിനുള്ളിൽ ഫാത്തിമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മോഷണശ്രമത്തിനിടെ പ്രതികളായ കൊല്ലം കിളികൊല്ലൂർ സ്വദേശികളായ കെ.ജെ. അലക്സ്, കവിത എന്നിവർ ഫാത്തിമയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഫാത്തിമയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും കവർന്ന് കടന്നുകളയുകയായിരുന്നു. കൊലപാതകം നടന്ന് 18 മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടിയാണ് അന്വേഷണസംഘം മികവ് തെളിയിച്ചത്.