വാട്ടര്‍മെട്രോ ബോട്ട് : റോ-റോയില്‍ ഇടിച്ചുകയറി; വന്‍ ദുരന്തം ഒഴിവായി
1563995
Sunday, June 1, 2025 4:44 AM IST
കൊച്ചി: വൈപ്പിന്‍ ജെട്ടിയില്‍ നിര്‍ത്തിയിട്ടിരുന്ന റോ-റോ വെസലില്‍ വാട്ടര്‍മെട്രോയുടെ ബോട്ട് ഇടിച്ചുകയറി അപകടം. ബോട്ടിന്റെ പിന്‍വശത്തേക്ക് ഇടിച്ചുകയറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 10.30 തോടെയായിരുന്നു സംഭവം.
എറണാകുളം ടെര്‍മിനലില്‍ നിന്ന് വൈപ്പിനിലേക്ക് സര്‍വീസ് നടത്തുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വൈപ്പിന്‍ ജെട്ടിയില്‍ ബോട്ട് അടുപ്പിച്ച മെട്രോ ബോട്ട് ശക്തമായ ഒഴുക്കില്‍പ്പെട്ട് പിന്നോട്ട് പോയപ്പോഴാണ് റോ-റോ വെസലിന്റെ സ്റ്റേണ് റാമ്പ്, ബോട്ടിന്റെ പിന്‍ഭാഗത്ത് ഇടിച്ചത്. യാത്രക്കാര്‍ക്ക് പ്രവേശനമില്ലാത്ത ഇവിടെ സാധാരണ ക്രൂ അംഗങ്ങള്‍ നില്‍ക്കാറുണ്ടെങ്കിലും അപകട സമയം ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
ഇരു ബോട്ടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മറ്റൊരു ബോട്ടിന്റെ സഹായത്തോടെ ബോട്ട് ജെട്ടിയോട് ചേര്‍ത്താണ് ഇതിലെ യാത്രക്കാരെ ഇറക്കിയത്. പിന്നീട് ഒഴുക്കിന്റെ ശക്തി കുറഞ്ഞ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി കെഎംആര്‍എല്‍ വ്യക്തമാക്കി.
വാട്ടര്‍ മെട്രോ ക്രൂവിന്റെ ഭാഗത്തും റോ-റോയുടെ ക്രൂവിന്റെ ഭാഗത്തും അശ്രദ്ധയുണ്ടായെന്നാണ് പ്രാഥമിക വിവരം. അശ്രദ്ധയോടെ ബോട്ട് ഓടിച്ചതാണ് അപകട കാരണമെന്ന് കോര്പറേഷന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു. മഴക്കാലത്ത് അപകട സാധ്യത പൊതുവേ കുടുതലാണ്. ഇത്തരം അശ്രദ്ധകള്‍ വന്‍ ദുരന്തം വിളിച്ചുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.