കപ്പല്‍ അപകടം : എണ്ണപ്പാട പടരുന്നത് തടയാന്‍ ‘സമുദ്ര പ്രഹരി' എത്തി
1563755
Saturday, May 31, 2025 4:58 AM IST
കൊച്ചി: കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ3 മുങ്ങിയതിനെത്തുടര്‍ന്നുണ്ടായ എണ്ണപ്പാട തീരത്തെത്തുന്നത് തടയാന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സമുദ്ര പ്രഹരി കപ്പല്‍ കൊച്ചിയിലെത്തി. പെട്രോളിയം ഉത്പന്നങ്ങള്‍ കടലില്‍ ചോരുമ്പോള്‍ സേവനം ചെയ്യുന്നതിനായി എത്തിക്കുന്ന കപ്പലാണിത്.
എണ്ണ നീക്കം ചെയ്ത് കടല്‍ ശുദ്ധീകരിക്കുകയാണ് പ്രധാന ദൗത്യം. അപകടമുണ്ടായ സ്ഥലത്തെത്തി കപ്പല്‍ ദൗത്യസംഘത്തിനൊപ്പം ചേര്‍ന്നു. കപ്പലിനോ എണ്ണപ്പാടയ്ക്കോ തീപിടിച്ചാല്‍ അണയ്ക്കാനുള്ള സൗകര്യങ്ങള്‍ ഇതിലുണ്ട്. കടല്‍ പരപ്പില്‍ നിന്ന് എണ്ണപ്പാളി അരിച്ചുമാറ്റുകയും രാസവസ്തു തളിച്ച് നിര്‍വീര്യമാക്കുകയുമാണ് ചെയ്യുക.
ഒരു ചേതക് ഹെലികോപ്ടര്‍, അഞ്ച് ഹൈ സ്പീഡ് ബോട്ടുകള്‍, നാല് വാട്ടര്‍ സ്കൂട്ടറുകള് എന്നിവ വഹിക്കാന്‍ സമുദ്ര പ്രഹരിക്കാകും. എണ്ണച്ചോര്‍ച്ച തടയാനുള്ള ഓയില്‍ സ്പില്‍ റെസ്പോണ്‍സ് സിസ്റ്റം, എണ്ണ നീക്കം ചെയ്യാന്‍ സ്കിമ്മേഴ്സ്, ശേഖരിച്ച എണ്ണ സൂക്ഷിക്കാനുള്ള ഓയില്‍ റിക്കവറി ടാങ്കുകള്‍ എന്നിവയും തീപിടിത്തമുണ്ടായാല്‍ നിയന്ത്രിക്കുന്നതിനുള്ള അഗ്നിരക്ഷ സംവിധാനം അത്യാധുനിക റഡാര്‍, സാറ്റ്ലൈറ്റ് കമ്യൂണിക്കേഷനും കപ്പലിലുണ്ട്.
ഐസിജിഎസ് വിക്രം, സക്ഷം എന്നീ കപ്പലുകളുടെ നേതൃത്വത്തില്‍ കടലില്‍ എണ്ണപ്പാട പടരുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ചിതറിപ്പോയ എണ്ണപ്പാട ഡോര്‍ണിയര്‍ വിമാനം ഉപയോഗിച്ച് പൊടി തളിച്ചും വെള്ളം ചീറ്റിച്ചുമാണ് തടഞ്ഞുനിറുത്തുന്നത്. സമുദ്ര പ്രഹരികൂടി എത്തിയതോടെ ഈ നീക്കത്തിന് കൂടുതല്‍ കരുത്താകും. ഇതുവരെ എണ്ണ തീരത്തടിഞ്ഞിട്ടില്ല.