രണ്ടു വീടുകൾ കൂടി നിർമിച്ചു നൽകി അങ്കമാലി ബസിലിക്ക
1563735
Saturday, May 31, 2025 4:28 AM IST
അങ്കമാലി: അങ്കമാലി സെന്റ് ജോർജ് ബസിലിക്ക ഇടവകയിൽ ഭൂഭവനരഹിതർക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഗ്രേയ്സ് ഹോം പ്രൊജക്റ്റിന്റെ നാലാമത്തെയും അഞ്ചാമത്തെയും ഭവനങ്ങളുടെ നിർമാണം പൂർത്തിയായി.
ഷേർളി ആന്റണി മഞ്ഞളി നൽകിയ സ്ഥലത്താണ് പുതിയ ഭവനങ്ങൾ നിർമിച്ചിട്ടുള്ളത്. കാരുണ്യത്തിന്റെ കൈനീട്ടം പദ്ധതിയുമായി ബന്ധപ്പെട്ട് ചികിത്സ, പഠന സഹായങ്ങളും ഭവനങ്ങളുടെ മെയിൻനൻസ് പ്രവർത്തനങ്ങളും നടക്കുന്നതിനൊപ്പമാണ് ഭൂഭവനരഹിതർക്കായി ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നത്.
ജോയി മoത്തുംകുടി സ്പോൺസർ ചെയ്ത നാലാമത്തെ ഭവനത്തിന്റെയും ചാരിറ്റി ഫണ്ട് ഉപയോഗിച്ച് നിർമിച്ച അഞ്ചാമത്തെ ഭവനത്തിന്റെയും വെഞ്ചിരിപ്പ് കർമ്മം ഇന്ന് വൈകീട്ട് നാലിന് ബസിലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ നിർവഹിക്കും. ഇടവക ജനം മുഴുവനും കാരുണ്യത്തിന്റെ കൈനീട്ടം പദ്ധതിയിലേക്ക് നൽകുന്ന സംഭാവനകളാണ് ഈ പ്രൊജക്ടിന് തുണയേകുന്നത്.
സഹ വികാരിമാരായ ഫാ. ജെൻസ് പാലച്ചുവട്ടിൽ, ഫാ. ആൻസൺ നടുപ്പറമ്പിൽ ബസിലിക്ക ട്രസ്റ്റിമാരായ റിൻസൺ പാറേക്കാട്ടിൽ, ഷാന്റൂ പടയാട്ടിൽ, പ്രൊജക്റ്റ് കോ ഓർഡിനേറ്റർമാരായ സേവ്യർ മഞ്ഞളി, തോമസ് തച്ചിൽ, വൈസ് ചെയർമാൻ ബാസ്റ്റ്യൻ ഡി. പാറക്കൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.
ഗ്രേസ് ഹോം പ്രോജക്ടിലൂടെ ഇടവകയിലെ ഭൂഭവനരഹിതരായിട്ടുള്ള മുഴുവൻ പേർക്കും ഭവനം എന്ന സ്വപ്ന പദ്ധതി പൂർത്തീകരിക്കുവാൻ ബസിലിക്ക സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിച്ചുവരികയാണ്.