കൊച്ചിയില്‍ ഇനി മാമ്പഴക്കാലം
1563536
Friday, May 30, 2025 5:10 AM IST
കൊച്ചി: രുചിയുടെ മാമ്പഴക്കാലത്തിനു കൊച്ചിയില്‍ വേദിയൊരുങ്ങുന്നു. അഗ്രികൾച്ചറൽ പ്രമോഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള 99 വ്യത്യസ്ത തരത്തിലുള്ള മാമ്പഴങ്ങളുടെ പ്രദര്‍ശന, വിപണന മേള കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡിലെ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടില്‍ ആരംഭിച്ചു. സംവിധായകൻ എൻ.എം. ബാദുഷ, ചലച്ചിത്രതാരം അഞ്ജലി നായർ എന്നിവർ ചേർന്ന് മാംഗോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
മല്‍ഗൊവ, ചക്കരകുട്ടി, തോട്ടാപൂരി, ബംഗനപള്ളി, കാട്ടു സുന്ദരി, നീലം, അല്‍ഫൊന്‍സ, കല്ലുകട്ടി തുടങ്ങിയ പരിചിത ഇനങ്ങള്‍ക്ക് പുറമേ കേസര്‍, റുമാനി, ബോംബെ ഗ്രീന്‍, ഹിമസാഗര്‍, രാജാപുരി, ബദാമി, ഹിമയുദ്ധീന്‍, ഒലോര്‍, സഫെധ, രാസ്പുനിയ, മല്ലിക, ഹിമായത്ത്, അമരപാലി, ചക്കരക്കുട്ടി, പൂരി, സിന്ധൂരിതുടങ്ങി 99 ലേറെ വ്യത്യസ്തതരം മാമ്പഴങ്ങളാണ് പ്രദര്‍ശനത്തിന് എത്തുന്നത്.
ഒട്ടേറെ മാമ്പഴ വിഭവങ്ങളും മേളയിലുണ്ടാകും. മാങ്ങ തീറ്റ മത്സരം, മാങ്ങ വിഭവങ്ങളുടെ പാചക മത്സരം, മാങ്ങ ജ്യൂസ്കുടി മത്സരം, ഓട്ടോ ഷോ എന്നിവയും മാംഗോ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും.
കുറഞ്ഞ വിലയ്ക്ക് മാമ്പഴങ്ങള്‍ വാങ്ങാനുള്ള അവസരവും മേള സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ലഭിക്കും. 50 രൂപയാണ് പ്രവേശന ഫീസ്. ദിവസവും രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. ദിവസേന വൈകിട്ട് കലാപരിപാടികളും നടക്കും. നാളെ വൈകിട്ട് അഞ്ചിന് മാമ്പഴ തീറ്റ മത്സരം നടക്കും. രജിസ്ട്രേഷന് ഫോൺ: 9562076779