കംഫർട്ട് സ്റ്റേഷൻ നടത്തിപ്പുകാരന്റെ പണവും ലോട്ടറി ടിക്കറ്റുകളും കവർന്നതായി പരാതി
1563531
Friday, May 30, 2025 5:05 AM IST
കൂത്താട്ടുകുളം: സ്വകാര്യ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ നടത്തിപ്പുകാരന്റെ പണവും വില്പനയ്ക്കായി കരുതിയ ലോട്ടറി ടിക്കറ്റുകളും അടങ്ങിയ ബാഗ് മോഷണം പോയതായി പരാതി. ബുധനാഴ്ച്ച രാവിലെ എട്ടോടെയാണ് സംഭവം.
കംഫർട്ട് സ്റ്റേഷൻ നടത്തിപ്പുകാരനായ കിഴകൊന്പ് വെച്ച്കെട്ടിക്കൽ വി.കെ. മോഹനന്റെ ബാഗാണ് നഷ്ടമായിരിക്കുന്നത്. കാഷ് കൗണ്ടറിൽ ബാഗ് വെച്ചതിനുശേഷം മോട്ടർ ഓണ്‍ ആക്കുന്നതിനായി മാറിയ സമയത്താണ് മോഷണം നടന്നത്.
ബാഗിനുള്ളിൽ 2000 രൂപയും, 1500 രൂപ വില വരുന്ന ലോട്ടറി ടിക്കറ്റുകളും ആധാർ കാർഡ് ഉൾപ്പെടെയുള്ള നിരവധി രേഖകളും ഉണ്ടായിരുന്നു. കൂത്താട്ടുകുളം പോലീസിൽ പരാതി നൽകി. സംഭവ സമയം കംഫർട്ട് സ്റ്റേഷൻ പരിസരത്തുകൂടി മലയാളിയായ യുവാവ് ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതായി സമീപവാസികൾ പറഞ്ഞു.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.