മനുഷ്യ, വന്യജീവി സംഘര്‍ഷം നിയന്ത്രിക്കാൻ ജില്ലാതല സമിതി
1574257
Wednesday, July 9, 2025 4:33 AM IST
കൊച്ചി: മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യജീവികള്‍ക്ക് വനത്തിനകത്ത് തന്നെ ഭക്ഷണം ഉറപ്പാക്കണമെന്ന് മന്ത്രി പി. രാജീവ്. മനുഷ്യ, വന്യജീവി സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി രൂപീകരിച്ച ജില്ലാ തല നിയന്ത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാറ്റൂര്‍ ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള ഒമ്പത് പഞ്ചായത്തുകളിലാണ് വന്യജീവികള്‍ മൂലമുള്ള ബുദ്ധിമുട്ടുകള്‍. ഈ പ്രദേശങ്ങളിലെ മനുഷ്യ വന്യജീവി സംഘര്‍ഷം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ നിയന്ത്രണ സമിതി രൂപീകരിച്ചത്.
മന്ത്രി പി. രാജീവ് അധ്യക്ഷനായ സമിതിയുടെ കണ്‍വീനര്‍ മലയാറ്റൂര്‍ ഡിഎഫ്ഒ പി.കെ. ആസിഫാണ്. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ആലുവ റൂറല്‍ എസ്പി എം. ഹേമലത എന്നിവര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ മേധാവികളാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. എല്ലാ മാസവും യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും.
ജില്ലാ കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു. മനുഷ്യ വന്യജീവി സംഘര്‍ഷം കുറക്കുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച വിവിധ പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
കുട്ടമ്പുഴ മേഖലയില്‍ ദ്രുത പ്രതികരണ സേന (ആര്‍ആര്‍ടി) രൂപീകരിക്കണമെന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആവശ്യം അധികൃതരെ അറിയിക്കുമെന്ന് പി. രാജീവ് പറഞ്ഞു.