പിണ്ടിമന, പൈങ്ങോട്ടൂർ പഞ്ചായത്തുകളിൽ കാട്ടാനശല്യം വ്യാപകം
1574280
Wednesday, July 9, 2025 4:58 AM IST
കോതമംഗലം: കോതമംഗലം താലൂക്കിന്റെ പിണ്ടിമന, പൈങ്ങോട്ടൂർ പഞ്ചായത്തുകളിൽ വീണ്ടും കാട്ടാന ശല്യം വ്യാപകം. പിണ്ടിമന പഞ്ചായത്തിലെ വേട്ടാന്പാറ, പടിപ്പാറ പ്രദേശങ്ങളിലും പൈങ്ങോട്ടൂർ പഞ്ചായത്തിലെ കടവൂർ വടക്കേ പുന്നമറ്റം ഭാഗത്തുമാണ് ഇന്നലെ കാട്ടാനകുട്ടത്തിന്റെ ആക്രമണമണം നേരിട്ടത്.
സന്ധ്യ കഴിഞ്ഞാൽ ആനകൾ നാട്ടിലെത്തും. പടിപ്പാറ - വാവേലി റോഡിലും വേട്ടാന്പാറ - മാലിപ്പാറ റോഡിലും ആനകൾ വനത്തിലെന്നപോലെയാണ് സഞ്ചരിക്കുന്നത്. മറ്റ് ഇട റോഡുകളിലെ അവസ്ഥയും വ്യത്യസ്തമല്ല. വാഹനങ്ങളും കാൽനടക്കാരും ആനയുണ്ടോയെന്ന് നോക്കി വേണം റോഡിലിറങ്ങാൻ.
നേരം പുലർന്നാൽ മാത്രമാണ് ജനങ്ങൾക്ക് റോഡിലൂടെ ഭയമില്ലാതെ സഞ്ചരിക്കാൻ കഴിയുക. ഓരോ ദിവസവും നിരവധി പേരുടെ കൃഷിയിടങ്ങളാണ് ആനകളുടെ വിഹാരകേന്ദ്രമാകുന്നത്.
നട്ടുവളർത്തിയതെല്ലാം ആനകൾക്ക് തീറ്റയാകുകയോ ചവിട്ടിമെതിക്കപ്പെടുകയോ ചെയ്യും. കഴിഞ്ഞ രാത്രിയിലെത്തിയ ആനക്കൂട്ടം പടിപ്പാറക്ക് സമീപത്തെ റബർ തോട്ടത്തിൽ നിന്നിരുന്ന പന മറിച്ചിട്ട് തിന്നു തീർത്താണ് മടങ്ങിയത്. കൃഷി ചെയ്തിരുന്ന വാഴയും തിന്നു. കയ്യാലകൾ വ്യാപകമായി തകർത്തു.
പൈങ്ങോട്ടൂർ പഞ്ചായത്തിലെ കടവൂർ വടക്കേ പുന്നമറ്റത്ത് അടപ്പൂർ ജോണി, ഏനാനിക്കൽ ജോഷി എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാനകൾ നാശം വിതച്ചത്. ആനകൾ മൂലം പൊറുതിമുട്ടിയപ്പോഴും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടാകാത്തതിൽ പ്രതിഷേധം വ്യാപകമാണ്.
വടക്കേപുന്നമറ്റത്തും കാട്ടാനകൾ
പോത്താനിക്കാട്: കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെ വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. സമീപവാസികളായ ഇരുവരുടെയും റബർ തോട്ടങ്ങളിലെ പൈനാപ്പിൾ, പ്ലാവ്, റബർ തുടങ്ങിയവ ആനകൾ തിന്നുകയും ചവിട്ടി മെതിക്കുകയും ചെയ്തു.
നൂറുകണക്കിന് കന്നാരകൾ ഇളകി പറിഞ്ഞുപോയിട്ടുണ്ട്. രണ്ട് പ്ലാവുകളുടെ ശിഖരങ്ങൾ ഒടിച്ചാണ് ചക്കകൾ തിന്നതെന്ന് പറമ്പുടമകൾ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഒറ്റക്കണ്ടം, മുള്ളരിങ്ങാട്, ചാത്തമറ്റം, വടക്കേപുന്നമറ്റം, പുതകുളം, കടവൂർ, നാലാംബ്ലോക്ക് മേഖലകളിലെല്ലാം മാസത്തിൽ രണ്ടും മൂന്നും തവണ കാട്ടാനകൾ കൃഷികൾ നശിപ്പിക്കുന്നുണ്ട്.
പ്രദേശങ്ങളിൽ കുരങ്ങ്, കാട്ടുപന്നി, മുള്ളൻപന്നി തുടങ്ങിയവയും കൃഷികൾ നശിപ്പിക്കാറുണ്ട്. കർഷകർ പരാതി പറഞ്ഞാൽ പലപ്പോഴും അവർ പ്രതികരിക്കാറില്ലെന്നും പരക്കെ ആക്ഷേപമുണ്ട്.