മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു : തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ ജലമലിനീകരണ പരാതിക്ക് പരിഹാരം
1574269
Wednesday, July 9, 2025 4:44 AM IST
കൊച്ചി: പത്തു ദിവസത്തെ നടതുറപ്പ് മഹോത്സവത്തിന് പതിനായിരങ്ങളെത്തുന്ന തിരുവൈരാണിക്കുളം ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ജല മലിനീകരണ പരാതിക്ക് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ ഇടപെടലിലൂടെ പരിഹാരമാകുന്നു.
ക്ഷേത്രത്തില്‍ പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ ജല മലിനീകരണ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡും ക്ഷേത്ര ഭാരവാഹികളും കമ്മീഷന് ഉറപ്പു നല്കി. ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ച ശേഷം സമീപവാസിയുടെ കിണര്‍വെള്ളം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ശ്രീമൂലനഗരം പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നല്കി.
ഉത്സവകാലത്ത് കിണര്‍വെള്ളം മലിനമാവുകയാണെന്ന് ആരോപിച്ച് ക്ഷേത്രകവാടത്തില്‍ നിന്ന് 300 മീറ്റര്‍ അകലെ താമസിക്കുന്ന സുജികുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കൊച്ചി സബ് കളക്ടര്‍ കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൊച്ചി ദേവസ്വം ബോര്‍ഡ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശ്രീമൂലനഗരം പഞ്ചായത്ത് എന്നിവര്‍ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിർദേശം നല്‍കിയതായി സബ് കളക്ടര്‍ അറിയിച്ചു.
തുടര്‍ന്ന് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറോട് സ്ഥലപരിശോധന നടത്താന്‍ കമ്മീഷന് നിര്‍ദേശിച്ചു.ആറു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള മലിനജലശേഖരണ ടാങ്ക് നിലവിലുണ്ടെന്നും അഞ്ചു ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രീറ്റ്മെന്റ് പ്ലാന്റ് വഴി സംസ്കരിച്ച മലിനജലം കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ബോര്‍ഡ് നിർദേശം നല്കി. ബോര്‍ഡ് മുന്നോട്ടുവച്ച വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി മാത്രമേ പുതിയ ട്രീറ്റ്മെന്റ് പ്ലാന്റിന് പ്രവര്‍ത്തനാനുമതി നല്‍കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത ഉത്സവകാലത്ത് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ കാര്യക്ഷമത പൂര്‍ണമായി ഉറപ്പുവരുത്താന്‍ കഴിയുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
സെപ്റ്റംബറില്‍ നടക്കുന്ന സിറ്റിംഗില്‍ വിഷയം വീണ്ടും പരിഗണിക്കുന്പോൾ പരാതിക്കാരനും എന്‍വയോണ്‍മെന്റല്‍ എൻജിനീയറും പഞ്ചായത്ത് സെക്രട്ടറിയും ഹാജരാകണമെന്ന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.