കാലടി സമാന്തര പാലം ഏപ്രിലില്‍ പൂര്‍ത്തിയാകും
1574262
Wednesday, July 9, 2025 4:33 AM IST
കൊച്ചി: കാലടി ശ്രീ ശങ്കര പാലത്തിന് സമാന്തരമായി പണിയുന്ന പുതിയ പാലത്തിന്റെ പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. എംസി റോഡില്‍ തിരക്കേറിയ കാലടിയിലെ യാത്ര ക്ലേശം പരിഹരിക്കുന്നതിനാണ് അടിയന്തരമായി കാലടിയില്‍ സമാന്തര പാലം നിർമാണം ആരംഭിച്ചത്.
നിലവില്‍ അപ്രോച്ച് റോഡിനോടു ചേര്‍ന്നുള്ള പൈലിംഗ് വര്‍ക്കുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.
മഴ കാരണം തടസപ്പെട്ട പണികള്‍ പുഴയിലെ ജലനിരപ്പ് താഴ്ന്നതിനനുസരിച്ച് പുനരാരംഭിക്കും. ഏപ്രില്‍ മാസത്തോടുകൂടി പാലത്തിന്റെ നിർമാണം പൂര്‍ണമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
പെരിയാറിനു കുറുകെ നിലവിലുള്ള കാലടി ശ്രീശങ്കരാചാര്യ പാലത്തിന് സമാന്തരമായി 455.40 മീറ്റര്‍ നീളത്തിലാണ് പുതിയ പാലത്തിന്റെ നിർമാണം. 30.50 മീറ്റര്‍ നീളത്തിലുള്ള 12 സ്പാനുകളും 13.45 മീറ്റര്‍ നീളത്തിലുള്ള രണ്ട് സ്പാനുകളും 12.50 മീറ്റര്‍ നീളത്തിലുള്ള അഞ്ചു സ്പാനുകളുമാണുള്ളത്. 10.50 മീറ്റര്‍ ക്യാരേജ് വേയും ഇരുവശങ്ങളിലും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടെ 14 മീറ്റര്‍ ആണ് പാലത്തിന്റെ വീതി.