ആരോഗ്യ മേഖലയിലെ ശോച്യാവസ്ഥ; പ്രതിഷേധവുമായി കോണ്‍ഗ്രസ്
1574261
Wednesday, July 9, 2025 4:33 AM IST
കൊച്ചി: സംസ്ഥാനത്തെ ആരോഗ്യമേഖല താറുമാറായ സാഹചര്യത്തിൽ മന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
ജില്ലാതല ഉദ്ഘാടനം പെരുമ്പാവൂരില്‍ ബെന്നി ബഹനാന് എംപി നിര്‍വഹിച്ചു. സംസ്ഥാന ആരോഗ്യരംഗത്തെ താറുമാറാക്കി സ്വകാര്യ മേഖലയ്ക്ക് കൊള്ളയ്ക്കുള്ള വഴിവെട്ടുകയാണ് സര്‍ക്കാരെന്ന് അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ച് കൊണ്ടുനടന്ന ആരോഗ്യമേഖലയുടെ നേട്ടങ്ങള്‍ പൊള്ളയാണെന്ന് സമ്മതിക്കേണ്ട ഗതികേടിലാണ് സര്‍ക്കാരെന്നും സ്വന്തം സര്‍ക്കാരിലെ മന്ത്രി പോലും സര്‍ക്കാര്‍ ആശുപത്രികളെ തള്ളുന്ന സാഹചര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷ സമരങ്ങളെ അട്ടിമറിക്കാനും അടിച്ചമര്‍ത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാധാരണക്കാരന്റെ ആശ്രമായ സര്‍ക്കാര്‍ ആശുപത്രികളെ മരുന്നുകള്‍ പോലും ലഭിക്കാത്ത തരത്തില്‍ ശവപ്പറമ്പാക്കി മാറ്റിയവര്‍ കടലാസുകളിലെ കള്ളക്കണക്കുകള്‍ ജനങ്ങളുടെമേല്‍ ക്യാപ്സ്യൂളുകളാക്കി അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ബെന്നി ബഹനാന് പറഞ്ഞു. ജില്ലയില്‍ 24 കേന്ദ്രങ്ങളിലാണ് മാര്‍ച്ചും ധര്‍ണയും നടന്നത്.