സീനത്തോട് കൈയേറിയെന്ന് : സ്വകാര്യവ്യക്തി നിര്‍മിച്ച മതില് പൊളിച്ച്, കൊച്ചി കോർപറേഷൻ
1574264
Wednesday, July 9, 2025 4:33 AM IST
കൊച്ചി: കലൂര്‍ ജംഗ്ഷനില്‍ സീനത്തോട് കൈയേറിയെന്ന കണ്ടെത്തലിനെതുടർന്ന് വീടിന്റെ മതില് കോര്പറേഷന് അധികൃതര്‍ പൊളിച്ചുമാറ്റി. കലൂര്‍ ബസ് സറ്റാന്‍ഡിന് എതിര്‍വശം മെലങ്കേത്ത് ലെയിനില്‍ താമസിക്കുന്ന ആര്‍ക്കിടെക്ട് തോമസ് ജേക്കബിന്റെ മതിലാണ് ഏറെ തര്‍ക്കത്തിനൊടുവില്‍ പോലീസ് സാന്നിധ്യത്തില്‍ പൊളിച്ചു കളഞ്ഞത്.
ആധാരപ്രകാരം തന്റെ സ്ഥലത്ത് നിര്‍മിച്ച മതിലാണെന്നും തോട് കോര്പറേഷന് ഏറ്റെടുക്കുന്നതുവരെ കൈവശം വയ്ക്കാന്‍ കോടതി ഉത്തരവ് പ്രകാരം അധികാരമുണ്ടെന്നുമുള്ള വാദങ്ങള്‍ ഉടമ ഉന്നയിച്ചെങ്കിലും കോര്പറേഷന് ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല.
മതില് പൊളിക്കാന്‍ ഉടമ തടസം നിന്നതോടെ തര്‍ക്കമായി. തുടര്‍ന്ന് കോര്പറേഷന് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയപ്രകാശ് എത്തി മതില് പൊളിച്ചു നീക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ഭാര്യയുടെ പേരില്‍ സ്ഥലം വാങ്ങുന്ന ഘട്ടത്തില്‍ മതില് ഉണ്ടായിരുന്നു എന്നാണ് ഉടമയുടെ വാദം. ഓപ്പറേഷന് ബ്രേക്ക് ത്രൂവുമായി ബന്ധപ്പെട്ട് അടഞ്ഞ് കിടക്കുന്ന കാനകള്‍ നന്നാക്കി നീരൊഴുക്ക് സുഗമമാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് സീനത്തോടിന്റെ നവീകരണത്തിനിടെയാണ് കൈയേറ്റം കോര്‍പറേഷന്റെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് കോടതിയില്‍ ഹര്‍ജി എത്തിയപ്പോള്‍ തോട് ഇരിക്കുന്ന സ്ഥലം കോര്പറേഷന് ഏറ്റെടുക്കുന്നതു വരെ സ്ഥലം കൈവശം വയ്ക്കാനുള്ള സാവകാശം നല്കി.
ഇതിനിടെയാണ് പ്രദേശവാസികള്‍ തോട് കൈയേറിയതായി കാട്ടി കോര്‍പറേഷനില്‍ പരാതി നല്‍കിയത്. സ്ഥലത്ത് പരിശോധന നടത്തിയ കോര്പറേഷന് ടൗണ്‍ പ്ലാനിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ 27ന് മതില് പൊളിച്ചു നീക്കാന്‍ ഉത്തരവിറക്കി.
ഉത്തരവ് നടപ്പാക്കാന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ സുനിമോളുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് അഭിഭാഷകന്റെ സഹായത്തോടെ ഉടമ നടപടികള്‍ തടസപ്പെടുത്തിയത്.