വീണ ജോർജിന്റെ രാജിക്കായി മാർച്ചും ധർണയും നടത്തി
1574281
Wednesday, July 9, 2025 4:58 AM IST
വാഴക്കുളം: മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് മഞ്ഞള്ളൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലൂർക്കാട് ഗവ. ആരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്ട് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് മാർച്ച് ഉദ്ഘാടനം ചെയ്തു. കെപിസിസി എക്സിക്യൂട്ടീവംഗം എ. മുഹമ്മദ് ബഷീർ മുഖ്യപ്രഭാഷണം നടത്തി.
കോലഞ്ചേരി: മന്ത്രി വീണ ജോർജ് രാജിവയ്ക്കുക, സർക്കാർ ആശുപത്രികളുടെ ശോചനീയവസ്ഥയ്ക്ക് പരിഹാരം കാണുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചു പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും നടത്തി. പുത്തൻകുരിശ് ടൗണിൽനിന്ന് ആരംഭിച്ച മാർച്ച് വടവുകോട് ആശുപത്രിക്ക് സമീപം പോലീസ് തടഞ്ഞു.
തുടർന്ന് നടത്തിയ ധർണ കെപിസിസി ന്യൂനപക്ഷ സെൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പോൾസൺ പീറ്റർ അധ്യക്ഷത വഹിച്ചു.
മന്ത്രി വീണയ്ക്ക് നേരെ കരിങ്കൊടി
കോലഞ്ചേരി: വരിക്കോലിയിൽ ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. വരിക്കോലി മുത്തൂറ്റ് എൻജിനീയറിംഗ് കോളജിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന വഴിക്കാണ് കോൺഗ്രസ് പ്രവർത്തകർ പുത്തൻകുരിശ് ടൗണിൽ മന്ത്രിയെ വഴിയിൽ കരിങ്കൊടി കാണിച്ചത്.
വരിക്കോലി മുത്തൂറ്റ് കോളജിന് മുന്നിലാണ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്സൽ ജബ്ബാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്.
പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പോൾസൺ പീറ്ററിന്റെയും മണ്ഡലം പ്രസിഡന്റുമാരായ മനോജ് കാരക്കാട്ട്, എസ്. സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ വഴിയിൽ തടഞ്ഞത്.