തരിശു ഭൂമിയില്‍ നൂറുമേനി വിളയിക്കാന്‍ ഏലൂര്‍ നഗരസഭ
1574271
Wednesday, July 9, 2025 4:44 AM IST
കൊച്ചി: ഏലൂരിലെ കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കാന്‍ തരിശു പാടങ്ങളില്‍ കൃഷിയിറക്കാന്‍ ഒരുങ്ങി ഏലൂര്‍ നഗരസഭ. 25 വര്‍ഷത്തോളമായി പ്രദേശത്ത് അന്യം നിന്നുപോയ കൃഷിയെ വീണ്ടെടുക്കാന്‍ വിപുലമായ പദ്ധതികളാണ് നഗരസഭ ആവിഷ്കരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി വടക്കുംഭാഗം, കുണ്ടോപ്പാടം പാടശേഖരങ്ങളിലാണ് നെല്‍കൃഷിയിറക്കുന്നത്. ആദ്യഘട്ടം വടക്കുംഭാഗത്തെ 20 ഏക്കര്‍ തരിശു പാടത്താണ് വിത്തിടുന്നത്. 120 ദിവസംകൊണ്ട് മൂപ്പെത്തുന്ന പൗര്‍ണ്ണമി വിത്താണ് കൃഷി ചെയ്യുന്നത്. ഞാറ് തയാറാക്കി മൂന്നാഴ്ചയ്ക്കകം നടീല്‍ ഉത്സവം നടത്താനാണ് പദ്ധതി.
രജിസ്ട്രേഷന് നടപടികള്‍ പാടശേഖര സമിതി മുഖേന പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജനകീയ ആസൂത്രണ പദ്ധതിയില്‍ ഹെക്ടറിന് 35,000 രൂപ വച്ച് ഏക്കറിന് ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
അടുത്ത സീസണിലെ കൃഷിക്കുള്ള ജലസേജനത്തിനായി പ്രളയകാലത്ത് നശിച്ച പമ്പും പമ്പ് ഹൗസും നവീകരിക്കുന്നതിന്റെ ഭാഗമായി 8.35 ലക്ഷം രൂപ മൈനര്‍ ഇറിഗേഷന്‍ കൈമാറി. പദ്ധതി പ്രദേശത്തെ കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷയാണെന്ന് ചെയര്മാന് എ.ഡി. സുജില്‍ പറഞ്ഞു.