ബിജെപി മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
1574258
Wednesday, July 9, 2025 4:33 AM IST
കളമശേരി: സംസ്ഥാന സർക്കാരിന്റെ ആരോഗ്യമേഖലയിലെ അനാസ്ഥയിലും കെടുകാര്യസ്ഥയിലും പ്രതിഷേധിച്ച് കൊച്ചി മെഡിക്കൽ കോളജിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ബിജെപി എറണാകുളം നോർത്ത് ജില്ലാ സെക്രട്ടറി സീമ ബിജുവിന് പരിക്കേറ്റു. ഇവരെ മഞ്ഞുമ്മല്ലിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.
ഇന്നലെ രാവിലെ കളമശേരി മെഡിക്കൽ കോളജ് റോഡിൽ എൻഐഎ ഓഫീസിന് സമീപത്തു നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ബസ് സ്റ്റാൻഡിന് സമീപം പോലീസ് തടഞ്ഞു. തുടർന്ന് പോലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രതിഷേധക്കാർ തള്ളിമറിച്ചിട്ടു. ഇതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.
ബിജെപി എറണാകുളം നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ നടത്തിയ മാർച്ച്, യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ് ഉദ്ഘാടനം ചെയ്തു.