ദേവാലയങ്ങളിൽ തിരുനാൾ
1546889
Wednesday, April 30, 2025 6:59 AM IST
എറവ് കപ്പൽ പള്ളി
എറവ്: സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ ഊട്ടുതിരുനാളിന് കൊടിയേറി. വികാരി ഫാ. റോയ് ജോസഫ് വടക്കൻ കൊടിയേറ്റം നിർവഹിച്ചു. സഹവികാരി ഫാ. ജോഷ്വിൻ കൊക്കൻ സഹകാർമികനായി. പാട്ടുകുർബാന, ലദീഞ്ഞ്, നൊവേന എന്നിവയുണ്ടായിരുന്നു. നാളെയാണ് ഊട്ടുതിരുനാൾ.
വട്ടുള്ളി സെന്റ് ്ജോർജ്
ചേലക്കര: വട്ടുള്ളി സെന്റ് ്ജോർജ് ബത്ലഹേം യാക്കോബായ സുറിയാനി പള്ളിക്കു കീഴിൽ പുനർനിർമ്മിച്ച കുരിശുപള്ളിയുടെ കൂദാശയും ശ്രേഷ്ഠ കാതോലിക്ക ബാവ ആബൂൻ മോർ ബസേലിയോസ് ജോസഫിനുള്ള സ്വീകരണവും വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളും മേയ് 2,3,4 തീയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു.
രണ്ടിനു വൈകിട്ട് ആറിന് കാതോലിക്ക ബാവയെ ചേലക്കരയിൽനിന്ന് സ്വീകരിച്ച് വട്ടുള്ളിയിലേക്കാനയിക്കും. 6.30ന് സന്ധ്യ നമസ്കാരത്തിനുശേഷം പുനർനിർമിച്ച കുരിശുപള്ളിയുടെ കൂദാശ കർമം ആബൂൻ മോർ ബസേലിയോസ് ജോസഫ് പ്രഥമൻ ബാവ നിർവഹിക്കും. തുടർന്ന് 7.30 ന് കാതോലിക്ക ബാവയ്ക്കുള്ള സ്വീകരണവും അനുമോദന സമ്മേളനവും കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും. തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ ക്ലീമിസ് അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എംപി, യു.ആർ. പ്രദീപ് എംഎൽഎ തുടങ്ങിയ ജനപ്രതിനിധികളും സാംസ്കാരിക നേതാക്കളും പങ്കെടുക്കും.
ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ശനി, ഞായർ ദിനങ്ങളിൽ ആഘോഷിക്കും. മർക്കോസ് മോർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ പ്രധാനകാർമികത്വത്തിലാണു ചടങ്ങുകൾ നടക്കുക. ശനിയാഴ്ച 7.30 ന് പ്രഭാത നമസ്കാരം, 8.30 ന് കുർബാന, പ്രസംഗം രാത്രി 7.30ന് സന്ധ്യാനമസ്കാരം തുടർന്ന് മെത്രാപ്പോലീത്തയുടെ പ്രസംഗം. ഒന്പതിന് ആശിർവാദം.
ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്ക് മെത്രാപ്പോലീത്ത നേതൃത്വം നൽകും. 11 ന് ആശിർവാദം. വൈകിട്ട് ഏഴിന് സെന്റ് ജോർജ് യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗ്രാമഫോൺ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. തോമസ് നെടിയപാലക്കൽ, ട്രസ്റ്റി ബെന്നി കോച്ചേരിയിൽ, സഭ മാനേജിംഗ് കമ്മിറ്റിയംഗം ഷാജി മംഗലശേരി, പ്രോഗ്രാം കൺവീനർ സി.ജി. ജോസ് എന്നിവർ പത്രസമ്മേളനത്തിലൂടെ അറിയിച്ചു.
കുമ്പളങ്ങാട് വിശുദ്ധ യൂദാതദേവൂസ്
വടക്കാഞ്ചേരി: കുമ്പളങ്ങാട് വിശുദ്ധ യൂദാതദേവൂസ് ശ്ലീഹായുടെ ദേവാലയത്തിൽ ഇടവക മധ്യസ്ഥ നായ വിശുദ്ധ യൂദാതദേവൂസ് ശ്ലീഹയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാൾ ആഘോഷിച്ചു.
പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ കാലം ചെയ്തതിനെത്തുടർന്ന് ആഘോഷങ്ങളെല്ലാം മാറ്റിവച്ചുകൊണ്ട് ഭക്തിനിർഭരമായി ചടങ്ങ് മാത്രമായാണ് തിരുനാൾ ആഘോഷിച്ചത്. ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ. ബിജു പാണേങ്ങാടൻ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ഫിജോ ആലപ്പാടൻ തിരുനാൾ സന്ദേശം നൽകി. വികാരി ഫാ. സിജോ പുത്തൂർ സഹകാർമികനായി. തുടർന്ന് തിരുനാൾ പ്രദക്ഷിണവും നടന്നു.
ചാഴൂർ സെന്റ്് മേരീസ്
ചാഴൂർ: സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും വിശുദ്ധ സെബസ് ത്യാ നോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. ഫാ. ചെറിയാൻ മാളിയേക്കൽ കപ്പൂച്ചിൻ കൊടിയേറ്റം നിർവഹിച്ചു.
മേയ് 3, 4 തീയതികളിലാണു തിരുനാൾ. വികാരി ഫാ. സിജോ കാട്ടൂക്കാരൻ, ജനറൽ കൺവീനർ ഷിബു കവലക്കാട്ട്, പബ്ലിസിറ്റി കൺവീനർ ഷാരോൺ ജോജു, ട്രസ്റ്റിമാരായ ടി.കെ. സണ്ണി, മേജോ തട്ടിൽ, ജസ്റ്റിൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.
കോനിക്കര ഫാത്തിമനാഥ
തൃശൂർ: കോനിക്കര ഫാത്തിമനാഥ പള്ളിയിൽ ഇടവകമധ്യസ്ഥനായ പരിശുദ്ധ ഫാത്തിമനാഥയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മേയ് മൂന്ന്, നാല് തീയതികളിൽ ആഘോഷിക്കും.
മൂന്നിനു വൈകീട്ട് യൂണിറ്റുകളിൽനിന്നുള്ള അന്പെഴുന്നള്ളിപ്പ് പള്ളിയിൽ സമാപിക്കും. നാലിനു രാവിലെ പത്തരയ്ക്ക് ആഘോ ഷമായ തിരുനാൾ പാട്ടുകുർബാനയും ഉച്ചകഴിഞ്ഞു തിരുനാൾപ്രദക്ഷിണവുമുണ്ടാകും.
തിരുനാളിന്റെ വിജയത്തിനായി ഫാ. ജിക്സണ് മാളോക്കാരൻ, കൈക്കാരൻമാരായ ടോണി തെക്കുംപീടിക, ജോബി ആലപ്പാട്ട്, ജനറൽ കണ്വീനർ ഫ്രാൻസിസ് ചാക്കേരി എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.