കടൽഭിത്തിനിർമാണത്തിനായി കല്ലുമായെത്തിയ ലോറി തടഞ്ഞു; അണ്ടത്തോട് സംഘർഷം
1546896
Wednesday, April 30, 2025 6:59 AM IST
പുന്നയൂർക്കുളം: പഞ്ചായത്തിലെ അണ്ടത്തോട് കടൽഭിത്തി നിർമാണത്തിനായി കല്ലുമായി എത്തിയ ലോറി ജനകീയ സമരസമിതി തടഞ്ഞു; പ്രതിരോധിക്കാൻ എൽഡിഎഫ് പ്രവർത്തകർ എത്തിയതു സംഘർഷത്തിനു കാരണമായി.
ശാസ്ത്രീയപഠനം നടത്തിയ ശേഷം കടൽഭിത്തി നിർമിച്ചാൽ മതിയെന്ന നിലപാടിലാണു സമരസമിതി. കടൽഭിത്തി നിർമാണം ആരംഭിച്ചപ്പോൾ നേരത്തെ രണ്ടുതവണ നാട്ടുകാർ ലോറി തടഞ്ഞിരുന്നു. ഇതേത്തുടർന്ന് എംഎൽഎ യോഗം വിളിച്ചെങ്കിലും പരിഹാരമായില്ല.
നിർമാണം ആരംഭിച്ച സ്ഥലത്ത് ഭിത്തി കെട്ടി, മറ്റു തീരങ്ങളിൽ ഭിത്തികെട്ടാൻ സർക്കാരിനു നിവേദനം നൽകാമെന്നും പഠനം നടത്താമെന്നും എംഎൽഎ യോഗത്തെ അറിയിച്ചു. എന്നാൽ, ശാസ്ത്രീയപഠനം നടത്തിയ ശേഷം ഭിത്തിനിർമാണം തുടർന്നാൽ മതിയെന്ന നിലപാടിലാണ് തീരവാസികൾ. ഇതിനായി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ഇറിഗേഷൻ വകുപ്പിന് നിവേദനം നൽകി.
പ്രശ്നം പരിഹരിച്ചശേഷമേ ഭിത്തിനിർമാണം നടത്തുകയുള്ളൂവെന്ന് അധികൃതർ സമരക്കാർക്ക് ഉറപ്പുകൊടുത്തിരുന്നു. ഇതിനിടയിലാണ് ഇന്നലെ ഭിത്തി നിർമാണത്തിനായി കല്ലുമായി ലോറി എത്തിയത്. പോലീസെത്തി ഇരുവിഭാഗത്തേയും പിരിച്ചുവിട്ടു.