മറ്റം നിത്യസഹായമാതാ തീര്‍ഥകേന്ദ്രം തിരുനാൾ 30 ലക്ഷത്തിന്റെ കാരുണ്യപ്രവൃത്തിയോടെ
1546892
Wednesday, April 30, 2025 6:59 AM IST
മറ്റം: നിത്യസഹായമാതാ തീര്‍ഥകേന്ദ്രത്തിലെ 87-ാമത് തിരുനാളാഘോഷത്തിന്റെ വിളംബരറാലി ഇന്നു നടക്കുമെന്നും ആഘോഷത്തിന്റെ ഭാഗമായി 30 ലക്ഷം രൂപയുടെ കാരുണ്യപ്രവൃത്തികൾ നടക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നിർധനരോഗികൾക്ക് ധനസഹായം, ഭവനം നിർമിച്ചുനൽകൽ, പലിശരഹിത സഹായം എന്നിവ നൽകും. ഇന്ന് രാവിലെ ഒൻപതിന് ഡീക്കൻ മെൽവിൻ ചൊവ്വല്ലൂരിന്റെ തിരുപ്പട്ട സ്വീകരണമാണ്. വൈകിട്ട് 4.45 ന് തിരുനാൾ വിളംബര റാലി നടത്തും.
നാളെ നവവൈദികന് സ്വീകരണവും ഫൊ റോനതല അരങ്ങേറ്റവും നടക്കും. മേയ് രണ്ടിന് വൈകിട്ട് അഞ്ചിന് പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബാന എന്നിവയ്ക്ക് അതിരൂപതയിലെ 16 നവവൈദികർ കാർമികത്വം വഹിക്കും. തുടർന്ന് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ ഗുരുവായൂർ എസിപി ടി.എസ്. സിനോജ് നിർവഹിക്കും. രാത്രി 7.30ന് ഫ്യൂഷൻ നൈറ്റ്.
മൂന്നിന് രാവിലെ ആറിന് വിശുദ്ധ കുർബാന. തുടർന്ന് കുടുംബക്കൂട്ടായ്മകളിലേക്കുള്ള കിരീടം എഴുന്നള്ളിപ്പ്. വൈകിട്ട് അഞ്ചിന് കിരീട സമര്‍പ്പണം, വിശുദ്ധ കുര്‍ബാന
എന്നിവയ്ക്ക് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര കാർമികത്വം വഹി ക്കും. രാത്രി 10 ന് കിരീടം എഴുന്നള്ളിപ്പ് സമാപനവും തേര് മത്സരവും.
നാലിനു തിരുനാള്‍ ദിനത്തില്‍ രാവിലെ 5.30,7, 8.30, വൈകിട്ട് നാല് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയാണ്. രാവിലെ 10ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് പറപ്പൂർ ഫൊറോന വികാരി ഫാ. സെബി പുത്തൂർ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ലിജോ ചിറ്റിലപ്പിള്ളി സന്ദേശം നല്‍കും.
തുടർന്ന് തിരുനാൾ പ്രദക്ഷിണമാണ്. വൈകിട്ട് ആറിന് ഇടവക പള്ളിയിൽ വിശുദ്ധ കുർബാന. 6.45ന് ഇടവക പള്ളിയിൽനിന്ന് തീർഥകേന്ദ്രത്തിലേക്ക് കിരീടം എഴുന്നെള്ളിപ്പ്, രാത്രി ഒൻപതിന് മെഗാമേളം.
അഞ്ചിന് മരിച്ചവർക്കുവേണ്ടിയുള്ള തിരുക്കർമങ്ങൾക്ക് ഇടവകാംഗമായ ബിഷപ് മാർ ഫ്രാങ്കോ മുളയ്ക്കൽ കാർമികനാകും. വൈകിട്ട് ഏഴിന് നാടകവും ഉണ്ടാകും.
പത്രസമ്മേളനത്തിൽ വികാരി റവ. ഡോ. ഫ്രാൻസിസ് ആളൂർ, അസി. വികാരി ഫാ. ഫ്രാങ്കോ ചെറുതാണിക്കൽ, മാനേജിംഗ് ട്രസ്റ്റി സി.കെ. ജോയ്, തിരുനാൾ ജനറൽ കൺവീനർ എം.ജെ. ജോഷി, പബ്ലിസിറ്റി കൺവീനർ പി.ടി. സേവി എന്നിവർ പങ്കെടുത്തു.