വാഴാനി വിനോദസഞ്ചാര കേന്ദ്രത്തിൽ ഉല്ലാസത്തിന് ഇനി കുട്ടവഞ്ചിയും
1547092
Thursday, May 1, 2025 1:12 AM IST
പുന്നംപറമ്പ്: ദിനംപ്രതി സന്ദർശകരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ സഞ്ചാരികൾക്ക് വാ ഴാനി ഡാമിൽ കുട്ടവഞ്ചി സവാരി ഏർപ്പെടുത്തി. ഇതോടെ വാഴാനി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ മുഖച്ചായ തന്നെ മാറുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
ഡാമിന്റെ ഷട്ടറിനുതാഴ്ഭാഗത്ത് ഫോറസ്റ്റ് ഓഫീസിനു സമീപം ശാന്തമായ ജലപ്പരപ്പിലൂടെയുള്ള കുട്ടവഞ്ചിയാത്ര സഞ്ചാരികൾക്ക് പുത്തൻ അനുഭവമാകും. പരീഷണാടിസ്ഥാനത്തിൽവളരെ ചുരുക്കം കുട്ടവഞ്ചികളാണ് സജ്ജമാക്കിയിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരിചയസമ്പന്നരായ ആളുകളുടെ മേൽനോട്ടത്തിലായിരിക്കും സവാരി നടത്തുക.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കുട്ടവഞ്ചി സവാരി ആരംഭിക്കുന്നതോടെ വാഴാനിയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
ഇത് പ്രദേശത്തെ കച്ചവട മേഖലയ്ക്കും ഗുണകരമാകും. താമസിയാതെ തന്നെ കുട്ടവഞ്ചി സവാരിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. ദിവസവും ഡാമിൽ പരിശീലനവും നടക്കുന്നുണ്ട്.