വിദ്യാർഥികൾ കൈകോർത്തു; ദമയന്തിയമ്മ പുതിയ വീട്ടിലേക്ക്
1547093
Thursday, May 1, 2025 1:12 AM IST
തൃപ്രയാർ: മഴ പെയ്താൽ ചോർന്നൊലിക്കുന്ന, ഏതുസമയവും നിലംപൊത്താവുന്ന കൂരയിൽനിന്നും ദമയന്തി അമ്മയ്ക്ക് മോചനം. നാട്ടിക എസ്എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ പാചകക്കാരി ദമയന്തി അമ്മയ്ക്കാണ് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ എട്ടുലക്ഷത്തോളം രൂപ സമാഹരിച്ച് പുതിയ വീട് നിർമിച്ചുനൽകിയത്.
അപ്രതീക്ഷിതമായി വീട്ടിലെത്തിയ സ്കൂൾ അധികൃതരാണ് ദമയന്തിയുടെ ദുരിതം നേരിട്ടുകണ്ടത്. ഇത് സ്കൂളിൽ അവതരിപ്പിച്ചതോടെ എൻഎസ്എസ് വിദ്യാർഥികൾ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. വിവിധ ചലഞ്ചുകളിലൂടെയാണു വീടിന്റെ നിർമാണത്തിനുവേണ്ട എട്ടുലക്ഷം രൂപ സമാഹരിച്ചു. നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഹെൽപ്പർമാരായി വിദ്യാർഥികളും ഒപ്പം കൂടി. വിദ്യാർഥികളുടെ നേതൃത്വത്തിൽ നിർമിക്കുന്ന മൂന്നാമത്തെ വീടാണിത്.
ഇന്ന് വീടിന്റെ പാലുകാച്ചലും താക്കോൽദാനവും മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ജയാബിനി, ജി.എസ്.ബി മാനേജർ പി.കെ. പ്രസന്നൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ചേർക്കരയിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.സി. പ്രസാദ് അധ്യക്ഷത വഹിക്കും.
നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ മുഖ്യാതിഥിയാവും. ഹെഡ്മിസ്ട്രസ് മിനിജ ആർ. വിജയൻ, എൻഎസ്എസ് പ്രോഗ്രാം കോ-ഒാർഡിനേറ്റർ ശലഭ ജ്യോതിഷ്, പിടിഎ പ്രസിഡന്റ് പി.എസ്.പി നസീർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.