പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രത്തിൽ തിരുനാളിനു നാളെ കൊടിയേറും
1547100
Thursday, May 1, 2025 1:12 AM IST
തൃശൂർ: പ്രസിദ്ധമായ പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ 149-ാം മാധ്യസ്ഥതിരുനാളിനു നാളെ കൊടിയേറും. രാവിലെ 5.30 ന്റെ വിശുദ്ധകുർബാനയ്ക്കുശേഷം തീർഥകേന്ദ്രം റെക്ടർ റവ.ഡോ. ആന്റണി ചെന്പകശേരി കൊടിയേറ്റശുശ്രൂഷ നിർവഹിക്കും.
ഒൻപതുമുതൽ 11 വരെയാണ് തിരുനാളാഘോഷം. ഒൻപതിനു രാത്രി ഏഴിനു പാവറട്ടി ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട് സിഎംഐ ദേവാലയ ദീപാലങ്കാരത്തിന്റെ സ്വിച്ച്ഓണ്‍ കർമം നിർവഹിക്കും.
10 നു രാവിലെ 10 നു നടക്കുന്ന നൈവേദ്യപൂജയ്ക്ക് അതിരൂപത വികാരി ജനറാൾ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ കാർമികത്വം വഹിക്കും. തുടർന്നു നേർച്ചഭക്ഷണ ആശീർവാദവും വിതരണവും ഉണ്ടായിരിക്കും. ഒന്നരലക്ഷത്തോളം പേർക്കാണ് നേർച്ചസദ്യ വിതരണംചെയ്യുക. അരി, അവിൽ നേർച്ച എന്നിവയുടെ വിതരണവും ഉണ്ടായിരിക്കും. വൈകീട്ട് 5.30 നു നടക്കുന്ന സമൂഹബലിക്കും കൂടുതുറക്കൽ ശുശ്രൂഷയ്ക്കും രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ട് മുഖ്യകാർമികനാകും. തുടർന്നു വിവിധ കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള വള എഴുന്നള്ളിപ്പുകൾ തീർഥകേന്ദ്രത്തിലെത്തി സമാപിക്കും.
തിരുനാൾദിനമായ 11 നു പുലർച്ചെ 4.30 മുതൽ തുടർച്ചയായി ദിവ്യബലി ഉണ്ടായിരിക്കും. രാവിലെ പത്തിന് ആഘോഷമായ പാട്ടുകുർബാനയ്ക്കു ഫാ. പോൾ തേക്കാനത്ത് മുഖ്യകാർമികനാകും. വൈകീട്ട് നാലിനു ദിവ്യബലി, തിരുനാൾപ്രദക്ഷിണം.
ശതോത്തരസുവർണജൂബിലി ആരംഭിക്കുന്നതിന്റെ ഭാഗമായി നാലിനു വൈകീട്ട് ആറിനു നടക്കുന്ന ദിവ്യബലിക്കുശേഷം ഓപ്പണ്‍ സ്റ്റേജിന്റെ വെഞ്ചരിപ്പും ആശീർവാദവും സംഗീതവിരുന്നും ഉണ്ടായിരിക്കും. വിവിധ കാരുണ്യപ്രവർത്തനങ്ങൾ, നിർധനരായ അഞ്ചു കുടുംബങ്ങൾക്കു ഭവനനിർമാണം എന്നിവയും തിരുനാളിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തിൽ തീർഥകേന്ദ്രം റെക്ടർ റവ.ഡോ. ആന്റണി ചെന്പകശേരി, മാനേജിംഗ് ട്രസ്റ്റി ഒ.ജെ. ഷാജൻ, വിവിധ കമ്മിറ്റി കണ്‍വീനർമാരായ ജോണ്‍ ജെ. പുലിക്കോട്ടിൽ, എൻ.ജെ. ലിയോ, കെ.എ. ജോസണ്‍ എന്നിവർ പങ്കെടുത്തു.